ലൈംഗികാതിക്രമ കേസില്‍ ആരോപണവിധേയനായ മുകേഷ് രാജിവെക്കേണ്ടതില്ല എന്ന സംസ്ഥാന നേതാക്കളുടെ വാദം തള്ളി ബൃന്ദ കാരാട്ട്. മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന നിലപാടാണ് ബൃന്ദ കാരാട്ട് അടക്കമുള്ള ദേശീയ നേതാക്കൾ വ്യക്തമാക്കുന്നത്. കോൺഗ്രസ് എംഎൽഎമാർ തങ്ങൾക്കെതിരെ സമാനമായ ആരോപണമുയർന്നപ്പോൾ രാജി വെച്ചില്ല എന്നത് ന്യായമാവരുതെന്നും കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്ന പശ്ചാത്തലത്തിൽ മുകേഷ് രാജി വെച്ച് അന്വേഷണം നേരിടണമെന്നുമാണ് ബൃന്ദ കാരാട്ട് വ്യക്തമാക്കുന്നത്.
നടിയുടെ ലൈംഗികാതിക്രമണ പരാതിയില്‍ ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ 26-ാം തീയതിയാണ് നടി മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. പിന്നീട് നടി ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
എന്നാൽ ഇപ്പോഴും മുകേഷിനെ തള്ളിക്കളയാത്ത നിലപാടാണ് സിപിഎമ്മിൻ്റേത്. മുന്നണി സംവിധാനത്തിൽ സിപിഐയിൽ നിന്നുവരെ മുകേഷ് മാറിനിൽക്കണമെന്ന ആവശ്യം ഉയർന്നിട്ടും ഇക്കാര്യത്തിൽ വ്യക്തതവരുത്താൻ സംസ്ഥാന നേതാക്കൾ തയ്യാറാകുന്നില്ല. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്ന സന്ദർഭത്തിൽ സിപിഎം സ്വീകരിക്കുന്ന നിലപാട് ഏറെ പ്രധാനമാണ്. സർക്കാരും സംസ്ഥാന നേതാക്കളും മുന്നോട്ടുവെച്ച എല്ലാ വാദങ്ങളേയും തള്ളിക്കളഞ്ഞ് ദേശീയ നേതാക്കൾ തന്നെ രംഗത്തെത്തിയ സാഹചര്യത്തിൽ നിലപാടിൽ മാറ്റം വരുത്തേണ്ടത് ആവശ്യമാകുകയാണ്.