ഹിമാചല്‍ പ്രദേശില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മുഖ്യമന്ത്രിയടക്കം മന്ത്രിമാര്‍ രണ്ടുമാസത്തെ ശമ്പളം കൈപ്പറ്റില്ല. മന്ത്രിമാര്‍ക്ക് പുറമേ ചീഫ് പാര്‍ലമെന്ററി സെക്രട്ടറിമാര്‍, ക്യാബിനറ്റ് റാങ്കിലുള്ള മറ്റ് പദവിയിലിരിക്കുന്നവര്‍ എന്നിവരും ശമ്പളം വാങ്ങില്ല. മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖുവാണ് നിയമസഭയെ ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനം നല്ല പുരോഗതി കാണുന്നതുവരെ രണ്ട് മാസത്തേക്ക് ശമ്പളമോ ടിഎയോ ഡിഎയോ എടുക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭയില്‍ ആലോചിച്ച ശേഷമാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ഇത് ചെറിയ തുകയാണ്. പ്രതീകാത്മകമായാണ് തങ്ങളിത് ചെയ്യുന്നത്. പങ്കുചേരാന്‍ എല്ലാ എം.എല്‍.എമാരോടും അഭ്യര്‍ഥിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ മുൻ മുഖ്യമന്ത്രി ജയറാം താക്കൂറിൻ്റെ നേതൃത്വത്തിൽ പ്രതിപക്ഷമായ ബിജെപി നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. എല്ലാ പ്രശ്നങ്ങൾക്കും ഇത് പരിഹാരമാകില്ലെന്ന് പറഞ്ഞായിരുന്നു വാക്കൗട്ട്. എന്താണ് കാര്യമെന്ന് ആദ്യം കണ്ടെത്തുമെന്നും എം.എൽ.എമാരുമായി ചർച്ച ചെയ്ത ശേഷം അതിനെക്കുറിച്ച് സംസാരിക്കുമെന്നും താക്കൂർ കൂട്ടിച്ചേർത്തു.