വയനാട് ഉരുള്‍പൊട്ടലിലെ രക്ഷാപ്രവര്‍ത്തനത്തിന് നേരിട്ടിറങ്ങി മന്ത്രിമാര്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും റവന്യൂ വകുപ്പ് മന്ത്രി കെ രാജനുമാണ് ദുരന്തബാധിത സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. കുട്ടികള്‍ അടക്കമുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതില്‍ മന്ത്രിമാരും പങ്കാളികളായി. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളാകെ ചെളി മൂടി നില്‍ക്കുകയാണ്.
കാലെടുത്ത് വെച്ചാല്‍ ആഴ്ന്ന് പോകുന്നത്ര ചെളിയും മണ്ണുമാണ് ഇവിടെ വന്നടിഞ്ഞിരിക്കുന്നത്. അതിനിടെ ഇടയ്ക്കിടെ പെയ്യുന്ന മഴയും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. സൈനികര്‍ അടക്കം 150 അംഗ സംഘമാണ് ഇന്ന് രക്ഷാപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. ആറ് മന്ത്രിമാര്‍ ദുരന്തബാധിത സ്ഥലത്ത് ക്യാംപ് ചെയ്ത് കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
അതേസമയം മുണ്ടക്കൈ പൂര്‍ണമായും തകര്‍ന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വിളിച്ച് ചേര്‍ത്ത അവലോകന യോഗത്തിന്റെ വിലയിരുത്തല്‍. മണ്ണിന് അടിയില്‍ ഉള്ളവരെ കണ്ടത്തെണമെങ്കില്‍ കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കേണ്ടതുണ്ട്. രക്ഷാദൗത്യ സംഘം നേരിടുന്നത് വലിയ വെല്ലുവിളിയാണെന്നും യോഗം വിലയിരുത്തി. സ്ഥലത്തേക്ക് കൂടുതല്‍ വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
മുണ്ടക്കൈയ്യില്‍ റോഡ് സംവിധാനം താറുമാറായതിനാല്‍ യന്ത്രസാമഗ്രികള്‍ എത്തിക്കാനാകാത്തത് തിരിച്ചടിയാണ്. അതിനിടെ ദുരന്തബാധിത മേഖലയില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും നിയോഗിക്കും. നാല് സഹകരണ ആശുപത്രികളില്‍ നിന്നുളള സംഘം വയനാട്ടിലേക്ക് എത്തും. പാലക്കാട് മെഡിക്കല്‍ കോളേജിലെ 50 അംഗ സംഘവും വയനാട്ടിലെത്തും.
കല്‍പറ്റയില്‍ താത്ക്കാലിക ആശുപത്രി തുറക്കാനും തീരുമാനമായി. മുണ്ടക്കൈയില്‍ ഉണ്ടായത് വന്‍ ദുരന്തമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. ‘സാധ്യമായ എല്ലാ സഹായവും നല്‍കും വയനാട്ടിലെ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞ പോലെ 2018 ലും 2019 ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കും,’ ഗവര്‍ണര്‍ പറഞ്ഞു.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തമാണ് മുണ്ടക്കൈയില്‍ സംഭവിച്ചത് എന്നാണ് വിലയിരുത്തല്‍. ഇതുവരെ 176 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ബന്ധുക്കള്‍ ആരോഗ്യസ്ഥാപനങ്ങളില്‍ അറിയിച്ച കണക്കുകള്‍ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട് എന്നാണ് വിവരം. മുണ്ടക്കൈയില്‍ നൂറ് കണക്കിന് വീടുകള്‍ മണ്ണിനടിയിലാണ് എന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
അതേസമയം റവന്യൂ വിഭാഗം കാണാതായവരുടെ കണക്കുകള്‍ ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. റേഷന്‍ കാര്‍ഡ്, വോട്ടര്‍പട്ടിക, സ്‌കൂള്‍ രജിസ്റ്റര്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പ് നടത്തുന്നത്. സ്‌പെഷ്യല്‍ ഓഫീസര്‍ ശ്രീറാം സാംബശിവ റാവുവിന്റെ നേതൃത്വത്തിലാണ് ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.