കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നുണ പരിശോധന കൊച്ചിയിലെ സിബിഐ ഓഫീസില്‍ നടത്തി. കട്ടപ്പന മുന്‍ ഡിവൈഎസ്പി പി.പി. ഷംസ, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന അബ്ദുള്‍ സലാം എന്നിവരുടെ നുണപരിശോധനയാണ് ഇന്നലെ നടത്തിയത്. നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ മര്‍ദിച്ചു കൊന്നത് ഉന്നത ഉദ്യോഗസ്ഥര്‍ക്കും അറിവുണ്ടായിരുന്നുവെന്ന് സാക്ഷിമൊഴിയുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു.പരിശോധനയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പി പി ഷംസിനെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയിരുന്നു. രാജ്കുമാര്‍ കസ്റ്റഡിയിലുളള കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് എസ്.പി അടക്കമുളള ഉദ്യോഗസ്ഥര്‍ നേരത്തെ സിബഐയോട് പറഞ്ഞിരുന്നത്.
പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ ഇരിക്കെയാണ് ജൂണ്‍ 21 ന് രാജ് കുമാര്‍ മരിച്ചത്. സിഐ ആവശ്യപ്പെട്ടിട്ടും എസ്‌ഐയും മറ്റു പ്രതികളും ഇയാളെ കോടതിയില്‍ ഹാജരാക്കിയില്ലെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇയാള്‍ സ്റ്റേഷനില്‍ വച്ച് ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇത് വ്യക്തമാണ്. ന്യൂമോണിയ ബാധിച്ചായിരുന്നു മരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവസങ്ങള്‍ കസ്റ്റഡിയില്‍ വച്ച് പീഡിപ്പിച്ചതിന്റെ ഫലമായി ന്യൂമോണിയ ബാധിച്ചതാണ് മരണകാരണമായത് എന്നായിരുന്നു ക്രൈംബ്രാഞ്ച് നിഗമനം. രാജ് കുമാറിന്റെ അമ്മയും ഭാര്യയും മക്കളും ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് നല്‍കിയത്