സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസ് പരിപാടികളില്‍ പങ്കെടുക്കാനുള്ള വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കി.

0
45

സർക്കാർ ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർഎസ്എസ്) സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിനുള്ള വിലക്ക് കേന്ദ്രസർക്കാർ നീക്കി. കഴിഞ്ഞയാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചതെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു.

കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ ഉത്തരവ് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ജയറാം രമേഷ് എക്‌സില്‍ പങ്കുവെച്ചു. ’’ മഹാത്മാഗാന്ധി വധത്തെത്തുടര്‍ന്ന് സര്‍ദാര്‍ പട്ടേല്‍ 1948 ഫെബ്രുവരിയില്‍ ആര്‍എസ്എസിനെ നിരോധിച്ചിരുന്നു. എന്നാല്‍ പിന്നീട് നല്ല നടത്തിപ്പിന്റെ അടിസ്ഥാനത്തില്‍ വിലക്ക് എടുത്തുമാറ്റി.

പിന്നീടൊരിക്കലും നാഗ്പൂരില്‍ കൊടിയുയര്‍ത്താന്‍ ആര്‍എസ്എസിന് കഴിഞ്ഞിട്ടില്ല. 1966ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു,’’ ജയറാം രമേഷ് എക്‌സില്‍ കുറിച്ചു. 2024 ജൂണ്‍ നാലിന് ശേഷം സ്വയം അവരോധിക്കപ്പെട്ട ‘നോണ്‍-ബയോളജിക്കല്‍’ പ്രധാനമന്ത്രിയും ആര്‍എസ്എസും തമ്മിലുള്ള ബന്ധം വഷളായി എന്നും അദ്ദേഹം കുറിച്ചു.

തുടര്‍ന്ന് ജൂലൈ 9ന് 58 വര്‍ഷം നീണ്ട് നിന്ന വിലക്ക് നീക്കി. എ.ബി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് വരെ ഈ നിലനിന്നിരുന്ന നിരോധനമാണ് ഇപ്പോള്‍ നീക്കിയതെന്നും ജയറാം രമേഷ് പറഞ്ഞു. ’’ ഇനി ഉദ്യോഗസ്ഥവൃന്ദത്തിന് നിക്കറില്‍ വരാം,’’ എന്നും ജയറാം രമേഷ് പറഞ്ഞു. 2016ലാണ് ആര്‍എസ്എസ് യൂണിഫോമായ കാക്കി ഷോർട്സിന് പകരം തവിട്ട് നിറമുള്ള ട്രൗസര്‍ അവതരിപ്പിക്കപ്പെട്ടത്.

ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടായിരുന്നു ജയറാം രമേഷിന്റെ വിമര്‍ശനം. ആര്‍എസ്എസ്, ജമാത്ത്-ഇസ്ലാമി തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ 1966 നവംബര്‍ 30ലെ സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പിന്റെ സ്‌ക്രീന്‍ഷോട്ടും അദ്ദേഹം എക്‌സില്‍ പങ്കുവെച്ചു.

അതേസമയം നിരോധനം നീക്കം ചെയ്ത കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവിനെ സ്വാഗതം ചെയ്ത് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയും രംഗത്തെത്തി. ’’ 58 വര്‍ഷം മുമ്പ് പുറപ്പെടുവിച്ച ഭരണഘടനാ വിരുദ്ധമായ ഉത്തരവ് പിന്‍വലിച്ചിരിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്ന ഉത്തരവ് മോദിസര്‍ക്കാര്‍ പിന്‍വലിച്ചു,’’ എന്ന് അമിത് മാളവ്യ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here