സംസ്ഥാനം നിപ ഭീതിയിൽ നിൽക്കവെ ആരോഗ്യപ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വീണാ ജോർജ്. വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്നത് പൊതുജനാരോഗ്യ പ്രവര്‍ത്തനം അല്ലെന്നും നമ്മുടെ ചില ‘പൊതുജനാരോഗ്യ വിദഗ്ധരെ’ ആരാണ് പറഞ്ഞു മനസ്സിലാക്കുകയെന്ന് ചോദിച്ചുകൊണ്ട് നിപയെക്കുറിച്ചുള്ള വിശദാംശങ്ങൾ ആരോഗ്യമന്ത്രി വിവരിച്ചത്.
ലോകത്ത് നിപ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മറ്റുസംസ്ഥാനങ്ങളിലെ വിശദാംശങ്ങളും നിപ വൈറസ് ബാധ മനുഷ്യരിലേക്ക് പകരുന്നത് എങ്ങനെയെന്നും തുടങ്ങിയ വിശദാംശങ്ങളാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. ആരോഗ്യമന്ത്രി പറഞ്ഞതെന്തെന്ന് അറിയാം.പൊതുജനാരോഗ്യ പ്രശ്നങ്ങളെ ഒന്നിച്ച് നേരിടേണ്ടതാണെന്നും അതിനു നടുവില്‍ ഒരു സമൂഹം പൊരുതി കൊണ്ടിരിക്കുമ്പോള്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്നത് ഒരു പൊതുജനാരോഗ്യ പ്രവര്‍ത്തനം അല്ലെന്നും നമ്മുടെ ചില ‘പൊതുജനാരോഗ്യ വിദഗ്ധരെ’ ആരാണ് പറഞ്ഞു മനസ്സിലാക്കുക?ലോകത്ത് നിപ ബാധിച്ചിട്ടുള്ള മറ്റ് ഇടങ്ങളില്‍ അതിന്റെ ഉറവിടം, അല്ലെങ്കില്‍ എങ്ങനെയാണ് വൈറസ് വവ്വാലുകളില്‍ നിന്നും മനുഷ്യനില്‍ എത്തുന്നത് എന്നത് സംശയത്തിന് അതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കേരളത്തില്‍ മാത്രം അത് ഇതുവരെ സാധ്യമായില്ല എന്നും നാം വര്‍ഷങ്ങളായി കേള്‍ക്കുന്ന ഒരു കഥയാണ്. ഈ കഥ പറയുന്നവരില്‍ ഇതിന്‍റെ വസ്തുതകളെ പറ്റി ധാരണയില്ലാത്തവരും നിക്ഷിപ്ത താല്പര്യം മുന്‍നിര്‍ത്തി ഇത്തരം ഒരു ധാരണ പടര്‍ത്തുന്നവരുമുണ്ട്.
എന്താണ് ഇതിന്‍റെ വസ്തുത?
ലോകത്തിന്‍റെ നിപ അറിവിന് ഏതാണ്ട് 25 വര്‍ഷത്തെ ചരിത്രമേ ഉള്ളൂ. അതും അഞ്ച് രാജ്യങ്ങളില്‍ മാത്രമേ നിപ ഔട്ട് ബ്രേക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ, മലേഷ്യ, സിങ്കപ്പൂര്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ഇന്ത്യ എന്നിവയാണ് ആ അഞ്ച് രാജ്യങ്ങള്‍. ഓരോ രാജ്യങ്ങളിലും നിപ ബാധ ഉണ്ടായപ്പോള്‍ രോഗത്തെപ്പറ്റി എന്തെല്ലാം കാര്യങ്ങള്‍ മനസ്സിലാക്കി എന്ന് വിലയിരുത്തുന്നത് നന്നായിരിക്കും. മലേഷ്യയില്‍ നിപ വന്നപ്പോള്‍ നിപ രോഗം മനുഷ്യരിലും പന്നികളിലും കണ്ടെത്തുകയുണ്ടായി. പന്നികളെ കൈകാര്യം ചെയ്തവര്‍ക്ക് രോഗമുണ്ടായി എന്നതാണ് രോഗത്തിന്‍റെ ഉറവിടം മലേഷ്യയില്‍ കണ്ടെത്തി എന്ന് വിദഗ്ധര്‍ പറയുന്നതിന്‍റെ അടിസ്ഥാനം.
എന്നാല്‍ പന്നികള്‍ക്ക് എങ്ങനെ ഈ രോഗം കിട്ടി എന്നത് ഇപ്പോഴും അജ്ഞാതമാണ്. വവ്വാലുകളാല്‍ മലീമസമായ പഴവര്‍ഗങ്ങള്‍ പന്നികള്‍ കഴിച്ചിരുന്നിരിക്കാം എന്നതും. പന്നിക്കൂടുകള്‍ നിലനിന്നിരുന്ന സ്ഥലങ്ങളിലുള്ള മരങ്ങളിലെ വവ്വാലുകളില്‍ പില്‍ക്കാലത്ത് വൈറസ് കണ്ടെത്തി എന്നതും ഒക്കെയേ തെളിവുകളായി നമ്മുടെ മുന്നില്‍ ഉള്ളൂ.സിങ്കപ്പൂരിൽ നിപ ബാധ ഉണ്ടായെങ്കിലും നിപയുടെ ഒരു പ്രഭവകേന്ദ്രം ആയിരുന്നില്ല, ആ രാജ്യം. മലേഷ്യയിൽ നിന്നും പന്നികളെ ഇറക്കുമതി ചെയ്തതിലൂടെയാണ് സിംഗപ്പൂരിൽ രോഗാണു ബാധയുണ്ടായത്. ബംഗ്ലാദേശിലേക്ക് വന്നാല്‍ അന്‍പതിലധികം ഔട്ട് ബ്രേക്കുകള്‍ ആണ് ബംഗ്ലാദേശില്‍ ഉണ്ടായിട്ടുള്ളത്. മിക്കവര്‍ഷങ്ങളിലും ഒന്നിലധികം ഔട്ട് ബ്രേക്ക് ഉണ്ടാകുന്നുണ്ട്. മിക്ക രോഗികളെയും രോഗം ബാധിക്കുന്ന സമയത്ത് കണ്ടെത്താറില്ല. ശേഖരിച്ചു വെച്ചിരിക്കുന്ന സാമ്പിളുകളില്‍ നിന്നും വന്നുപോയത് നിപയാണ് എന്ന്, രോഗം പൂര്‍ണമായും സമൂഹത്തില്‍ നിന്നും പിന്‍വാങ്ങിയതിനുശേഷം കണ്ടെത്തുക ആണ് മിക്കപ്പോഴും നടക്കുന്നത്.
അവിടെ അത് മാത്രമേ സാധ്യമാവുകയുള്ളൂ. ധാരാളം രോഗികള്‍ ഉണ്ടായി എന്ന സാധ്യത പ്രയോജനപ്പെടുത്തി കേസ് – കൺട്രോൾ സ്റ്റഡി നടത്താന്‍ മാത്രമേ അവർക്ക് കഴിഞ്ഞിട്ടുള്ളൂ. പ്രകൃതിയില്‍ നിന്നും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗികള്‍ ആയവരെയും ആകാത്തവരെയും രണ്ടു വലിയ ഗ്രൂപ്പുകള്‍ ആക്കി തിരിച്ച് രണ്ടിലും ഉള്ള ശീലങ്ങള്‍ വിലയിരുത്തിയാണ് കേസ് കണ്‍ട്രോള്‍ സ്റ്റഡി സാധ്യമായത്. അതായത്, കേസ് കണ്‍ട്രോള്‍ പഠനങ്ങളിലൂടെ ഡേറ്റ് പാം സാപ് എന്ന, ചില പനകളില്‍ നിന്നും ശേഖരിക്കുന്ന കള്ള് പോലെയുള്ള പദാര്‍ത്ഥം കഴിക്കുന്നത് രോഗത്തിന് കാരണമാകുന്നു എന്ന സൂചനകള്‍ കിട്ടിയിട്ടുണ്ടെങ്കിലും നാളിതുവരെ ഡേറ്റ് പാം സാപ്പില്‍ നിപ്പാ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്താന്‍ ബംഗ്ലാദേശില്‍ കഴിഞ്ഞിട്ടില്ല.
ഡേറ്റ് പാം സാപ്പില്‍ മാത്രമല്ല മറ്റു പഴവര്‍ഗങ്ങളിലോ പ്രകൃതിയില്‍ നിന്നുള്ള മറ്റു വസ്തുക്കളിലോ നിപ്പാ വൈറസിന്‍റെ സാന്നിധ്യം ബംഗ്ലാദേശില്‍ തിരിച്ചറിയപ്പെട്ടിട്ടില്ല. അതായത് രോഗത്തിന്‍റെ കാരണം കണ്ടെത്തി എന്ന് പറയുന്ന ബംഗ്ലാദേശില്‍ പോലും, കഴിച്ച വസ്തുവില്‍ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫിലിപ്പീന്‍സില്‍ ആകട്ടെ മലേഷ്യയിലേതിന് സമാനമായ വൈറസ് ആയിരുന്നു, മലേഷ്യക്ക് സമാനമായ കണ്ടെത്തലുകളാണ് അവര്‍ നടത്തിയത്. കുതിരകളില്‍ രോഗം കണ്ടെത്തി. അപ്പോഴും എങ്ങനെ കുതിരകള്‍ക്ക് അണുബാധ ഉണ്ടായി എന്നത് അജ്ഞാതമാണ്.