‘ഡിഗ്രി കൊണ്ടൊരു ഗുണവുമില്ല, പഞ്ചർ കട തുടങ്ങൂ’; വിദ്യാർത്ഥികളോട് ബിജെപി എംഎൽഎയുടെ ഉപദേശം.

0
40

പ്രധാനമന്ത്രി കോളേജ് ഓഫ് എക്‌സലൻസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാർത്ഥികൾക്ക് വേറിട്ട ഉപദേശവുമായി ബിജെപി എംഎൽഎ പന്നലാൽ ശാക്യ. കോളേജ് ഡിഗ്രി കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും ഒരു പഞ്ചർ കട തുടങ്ങിയാൽ ജീവിക്കാനുള്ള വക കണ്ടെത്താമെന്നുമായിരുന്നു പന്നലാലിന്റെ ഉപദേശം. തന്റെ മണ്ഡലത്തിലെ പിഎം കോളേജ് ഓഫ് എക്‌സലൻസ് ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പന്നലാലിന്റെ ഈ പരാമർശം. മധ്യപ്രദേശിലെ ഗുണ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് പന്നലാൽ.

“ഇന്ന് നമ്മൾ ഒരു പിഎം കോളേജ് ഓഫ് എക്സലൻസ് തുറക്കുകയാണ്. ഈ കോളേജ് ഡിഗ്രി കൊണ്ട് മാത്രം ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന കാര്യം മനസ്സിലാക്കാൻ ഞാൻ നിങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. പകരം ഒരു മോട്ടോർ സൈക്കിൾ പഞ്ചർ, റിപ്പയർ ഷോപ്പ് തുറക്കുക. കുറഞ്ഞത് ഉപജീവനത്തിനുള്ള വകയെങ്കിലും കണ്ടെത്താം”, പന്നലാൽ പറഞ്ഞു.

ഇൻഡോറിലെ അടൽ ബിഹാരി വാജ്പേയ് ഗവണ്മെന്റ് ആർട്സ് ആൻഡ് കൊമേഴ്സ് കോളേജിൽ ഞായറാഴ്ച സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മധ്യപ്രദേശിലെ 55 ജില്ലകളിലെ പ്രധാനമന്ത്രി കോളേജ് ഓഫ് എക്‌സലൻസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തിരുന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയെക്കുറിച്ചും അമിത് ഷാ വിശദീകരിച്ചു. 2047 ൽ രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോഴേക്കും ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റാനാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നതെന്നും, പുതിയ വിദ്യാഭ്യാസ നയം അതിൽ പ്രധാനമാണെന്നും അമിത് ഷാ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ഒരു വികസിത രാഷ്ട്രമായി മാറുന്നതിന് വിദ്യാഭ്യാസത്തിന്റെ അടിത്തറ ശക്തിപ്പെടുത്തണമെന്നും അടുത്ത 25 വർഷത്തെ പുരോഗതിയ്ക്ക് ആവശ്യമായ തരത്തിൽ ദീർഘവീക്ഷണത്തോടെയാണ് പ്രധാനമന്ത്രി പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here