യുട്യൂബ് കണ്ട് സഹപാഠികളെ ഹിപ്‌നോട്ടൈസ് ചെയ്തു പത്താം ക്ലാസുകാരൻ.

0
47

തൃശൂർ: യുട്യൂബ് കണ്ട് സഹപാഠികളെ ഹിപ്‌നോട്ടൈസ് ചെയ്തു പത്താം ക്ലാസുകാരൻ. നാല് വിദ്യാർത്ഥികൾ ബോധരഹിതരായി ആശുപത്രിയിൽ. യുട്യൂബിൽ നിന്ന് കണ്ടുപഠിച്ചായിരുന്നു പത്താം ക്ലാസുകാരൻ ഹിപ്‌നോട്ടിസം പരീക്ഷണം നടത്തിയത്. കൊടുങ്ങല്ലൂരിലുള്ള പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളില്‍ വെള്ളിയാഴ്ച്ചയായിരുന്നു സംഭവമെന്ന്  റിപ്പോർട്ട് ചെയ്തു.

യുട്യൂബ് കണ്ട് സഹപാഠികളെ ഹിപ്‌നോട്ടൈസ് ചെയ്തതാണ് വിനയായത്. ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളുമാണ് ബോധമറ്റ് ആശുപത്രിയിലായത്. തലകുനിച്ചു നിറുത്തി കഴുത്തിലെ ഞരമ്പിൽ പിടിച്ച് വലിച്ചായിരുന്നത്രെ ഹിപ്‌നോട്ടിസം. സ്‌കൂളിൽ ബോധമറ്റു വീണ പത്താം ക്ലാസുകാരായ വിദ്യാർത്ഥികളെ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് മുഖത്ത് വെള്ളം തളിച്ച് വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കുട്ടികളെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ബോധരഹിതരായ കുട്ടികൾക്ക് എന്താണ് സംഭവിച്ചതെന്ന് ആദ്യം ആർക്കും മനസിലായിരുന്നില്ല. ആശുപത്രിയിൽ ആദ്യം എത്തിച്ചത് മൂന്ന് പേരെയാണ്. ഇവരുടെ രക്തവും ഇ.സി.ജിയും മറ്റും പരിശോധിച്ചു. മറ്റ് ടെസ്റ്റുകളും നടത്തി. പിറകെയാണ് മറ്റൊരു കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഒടുവിൽ ആശുപത്രിയിലെത്തിച്ച കുട്ടിയെ ഡ്യൂട്ടി ഡോക്ടർ സ്‌പെഷ്യാലിറ്റി ആശുപത്രിയായ എ.ആർ. മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. വൈകിട്ടോടെ എല്ലാവരും സാധാരണ നിലയിലേക്ക് എത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here