എറണാകുളം: കമലഹാസന് കൃഷ്ണ വിഗ്രഹം സമ്മാനിച്ച് ഗോകുലം ഗോപാലൻ. ‘ഇന്ത്യൻ 2’ വിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ എത്തിയപ്പോഴാണ് കമലഹാസൻ ഉള്‍പ്പെടെയുള്ള സിനിമയിലെ താരങ്ങള്‍ക്ക് കൃഷ്ണ വിഗ്രഹം സമ്മാനിച്ചത്.
കമലഹാസനൊപ്പം സംവിധായകൻ ശങ്കർ, സിദ്ധാർത്ഥ്, ബോബി സിംഹ എന്നിവരും കൊച്ചിയില്‍ എത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് പ്രമോഷനുമായി ബന്ധപ്പെട്ട് ‘ഇന്ത്യൻ 2’ വിന്റെ അണിയറപ്രവർത്തകർ കൊച്ചിയില്‍ എത്തിയത്. ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ബജറ്റ് 200 കോടിയാണ്. 15 കോടി ആയിരുന്നു ആദ്യ ഭാഗത്തിന്റെ മുതല്‍മുടക്ക്. 5 ഭാഷകളിലാണ് ചിത്രം ഇപ്പോള്‍ റിലീസിന് എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജയിന്‍റ് മൂവീസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഗോകുലം മൂവീസിനാണ്. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രവി വർമ്മനാണ്.
അതേസമയം, ‘ഇന്ത്യൻ 2’ ന്റെ റിലീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മധുരൈ ജില്ലാ കോടതിയില്‍ കേസ് എത്തിയിരിക്കുകയാണ്. മധുരയിലെ എച്ച്‌എംഎസ് കോളനിയിലെ മർമ്മവിദ്യ , ആയോധന കല, ഗവേഷണ അക്കാദമിയിലെ പ്രധാന അധ്യാപകൻ ആസൻ രാജേന്ദ്രനാണ് ചിത്രത്തിനെതിരെ ഹർജി നല്‍കിയത്.
‘ഇന്ത്യൻ’ സിനിമയുടെ ആദ്യഭാഗം നിർമ്മിക്കുന്ന സമയത്ത് കമല്‍ഹാസൻ മർമ്മവിദ്യ ടെക്നിക്കുകള്‍ക്കായി തന്നോട് കൂടിയാലോചിച്ചെന്നും താൻ പറഞ്ഞത് ചിത്രത്തിനായി സ്വീകരിച്ചുവെന്നും രാജേന്ദ്രൻ പറയുന്നത്. എന്നാല്‍, ‘ഇന്ത്യൻ 2’ ല്‍ തന്റെ അനുമതിയില്ലാതെ ഈ മർമ്മ വിദ്യകള്‍ പ്രയോഗിച്ചെന്നും തിയേറ്ററുകളിലും OTT പ്ലാറ്റ്‌ഫോമുകളിലും സിനിമയുടെ റിലീസ് നിരോധിക്കണമെന്നും ഹർജി. ചിത്രം നാളെയാണ് തിയേറ്ററുകളില്‍ എത്തുന്നത്.