തിരുവനന്തപുരത്ത് രണ്ടുപേർക്കുകൂടി കോളറ സ്ഥിരീകരിച്ചു.

0
40

സംസ്ഥാനത്ത് രണ്ടുപേർക്കുകൂടി കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലുള്ള രണ്ടു പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ തിരുവനന്തപുരത്ത് രോ​ഗം സ്ഥിരീകരിച്ചവർ മൂന്നായി. ഈ മാസം മാത്രം സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചത് നാലുപേർക്കാണ്.

കഴിഞ്ഞദിവസമാണ് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 10 വയസുകാരന് കോളറ സ്ഥിരീകരിച്ചത്. നെയ്യാറ്റിൻകര സ്പെഷ്യൽ സ്കൂൾ ഹോസ്റ്റൽ അന്തേവാസിയാണ് ഈ കുട്ടി. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടത്തെ അന്തേവാസിയായ അനു (26) മരിച്ചിരുന്നു. കോളറയ്ക്ക് സമാനലക്ഷണങ്ങളായിരുന്നു അനുവിനും.

ആറു മാസത്തിനിടെ 9 പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. നിലവിൽ 13 പേർ വയറിളക്കരോഗവുമായി മെഡിക്കൽ കോളേജിലെ ഉൾപ്പെടെ ചികിത്സയിലാണ്. 2017ലാണ് സംസ്ഥാനത്ത് അവസാനമായി കോളറ മരണമുണ്ടായത്.

അതിനിടെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോ​ഗ്യവകുപ്പ് പ്രതിരോധപ്രവർത്തനം ശക്തമാക്കി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വെള്ളത്തിന്റെ ഉൾപ്പെടെയുള്ള സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടിയാൽ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് വിദഗ്ധപരിചരണം ഉറപ്പാക്കുമെന്നും ആരോ​ഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്കരോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ രോഗം പെട്ടെന്ന് പടരും. രോഗലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്. സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ 5 ദിവസത്തിനുള്ളില്‍ രോഗം വരാവുന്നതാണ്.

പെട്ടെന്നുള്ള കഠിനമായതും വയറുവേദനയില്ലാത്തതും വെള്ളം പോലെയുള്ള വയറിളക്കമാണ് കോളറയുടെ രോഗലക്ഷണം. മിക്കപ്പോഴും ഛര്‍ദ്ദിയുമുണ്ടായിരിക്കും. ഇതേതുടര്‍ന്ന് രോഗി പെട്ടെന്ന് തന്നെ നിര്‍ജ്ജലീകരണത്തിലേക്കും കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ പെട്ടെന്ന് രോഗം ഗുരുതരമാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here