ഡസല്‍ഡോഫ്: യൂറോ കപ്പ് ഫുട്‌ബോളില്‍ ബെല്‍ജിയത്തെ മറികടന്ന് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഡസല്‍ഡോഫ് അരീനയില്‍ നടന്ന മത്സരത്തില്‍ യാന്‍ വെര്‍ട്ടോഗന്‍ വഴങ്ങിയ സെല്‍ഫ് ഗോളിനാണു ഫ്രാന്‍സ് മുന്നേറിയത്.
ഒരുപാട് അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും ഫ്രഞ്ച് പട ഗോളടിക്കാന്‍ മറന്നു. 84 മിനിറ്റ് വരെ പിടിച്ചുനിന്ന ശേഷമാണ് ബെല്‍ജിയത്തിനു സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ മടക്ക ടിക്കറ്റ് കിട്ടിയത്. പകരക്കാരനായി ഇറങ്ങിയ കോളോ മുവാനിയാണ് ഗോളിനു കാരണക്കാരനായത്. ഗോള്‍ കുറിക്കുക ബെല്‍ജിയം ഡിഫന്‍ഡര്‍ യാന്‍ വെര്‍ട്ടോന്‍ഗന്റെ പേരിലാണ്. ബോക്‌സിനകത്തു വലതു ഭാഗത്തു വച്ച് മുവാനി തൊടുത്ത ഷോട്ട് തടയാന്‍ ശ്രമിച്ച വെര്‍ട്ടോന്‍ഗന്റെ കാല്‍മുട്ടില്‍ തട്ടി ദിശ മാറി പന്ത് വലയില്‍ കയറിയപ്പോള്‍ ഗോള്‍ കീപ്പര്‍ കോയിന്‍ കാസ്‌റ്റീല്‍സ് നിസഹായനായി.
പ്രത്യാക്രമണങ്ങളിലൂടെ അറ്റാക്കുകളിലൂടെ ബെല്‍ജിയം ചില ഗോള്‍ ശ്രമങ്ങള്‍ നടത്തിയതൊഴിച്ചാല്‍ ഫ്രാന്‍സിന്റെ സമഗ്രാധിപത്യമാണു കണ്ടത്. മധ്യനിരയില്‍ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കാനാണ് ഇരുടീമുകളും ശ്രമിച്ചത്. ഏതു നിമിഷവും ഗോളടിക്കുമെന്ന പ്രതീതിയുണ്ടാക്കാന്‍ ഫ്രാന്‍സിനായി. വല്ലപ്പോഴും മാത്രമാണ് ബെല്‍ജിയം താരങ്ങളുടെ പക്കലേക്കു പന്ത് വന്നത്. അതിവേഗത്തില്‍ ലോങ് ബോളുകളുമായുള്ള പ്രത്യാക്രമണമാണു ബെല്‍ജിയം പരീക്ഷിച്ചത്.
ആദ്യ അര മണിക്കൂറിനു ശേഷമാണ് ഭേദപ്പെട്ട ചില മുന്നേറ്റങ്ങള്‍ നടത്താന്‍ ബെല്‍ജിയത്തിനു സാധിച്ചത്. കിലിയന്‍ എംബാപ്പെയ്‌ക്കും അന്റോണിയോ ഗ്രീസ്‌മാനും ഫ്രാന്‍സിനെ മുന്നിലെത്തിക്കാന്‍ ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷ് ചെയ്യുന്നതില്‍ പിന്നിലായി. 20-ാം മിനിറ്റില്‍ ബെല്‍ജിയം ബോക്‌സിനകത്തു നിന്നു റാബിയറ്റ് ലോങ്‌റേഞ്ചര്‍ തൊടുത്തെങ്കിലും ക്രോസ് ബാറിനു മുകളിലൂടെ പറന്നു. 35-ാം മിനിറ്റില്‍ ഫ്രാന്‍സിനെ മുന്നിലെത്തിക്കാന്‍ മാര്‍കസ് തുറാമിനും അവസരം ലഭിച്ചു. വലതു വിങിലൂടെ സാലിബയും കൗണ്ടെയും ചേര്‍ന്നു നടത്തിയ അതിവേഗ മുന്നേറ്റം. കൗണ്ടെ ബോക്‌സിനകത്തേക്കു നീട്ടി നല്‍കിയ ക്രോസില്‍ തുറാം തലവച്ചെങ്കിലും ലക്ഷ്യം കാണാതെ പോയി. രണ്ടാം പകുതിയിലും ഫ്രാന്‍സ് മാത്രമേ ചിത്രത്തിലുണ്ടായിരുന്നുള്ളൂ.