‘മിന്നാമിനുങ്ങേ മിന്നുംമിനുങ്ങേ’ ഗാനം ആദ്യമായി സിനിമയില്‍ അവതരിപ്പിച്ച സംവിധായകൻ സുധീര്‍ ബോസ് അന്തരിച്ചു.

0
29

തിരുവനന്തപുരം: ചലച്ചിത്രസംവിധായകനും പ്രമുഖ സംവിധായകരുടെ അസോസിയേറ്റായും പ്രവർത്തിച്ച പടിഞ്ഞാറേക്കോട്ട ചെമ്ബകശ്ശേരി മഠത്തില്‍ ലെയ്ൻ കാലുപറമ്ബില്‍ കെ.എസ്.സുധീർ ബോസ്(53) അന്തരിച്ചു.

കരള്‍രോഗത്തെ തുടർന്നായിരുന്നു മരണം. സിനിമാ നിർമാതാക്കളായ സുധാദേവി ഫിലിംസ് ഉടമ എസ്.സുധാദേവിയുടെയും പരേതനായ വി.കേശവൻ നായരുടെയും മകനാണ്.

കലാഭവൻ മണി, മുകേഷ്, രംഭ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2008-ല്‍ ‘കബഡി കബഡി’ എന്ന ചിത്രം സുഹൃത്ത് മനു ശ്രീകണ്ഠപുരത്തിനൊപ്പം ചേർന്ന് സുധീർ ബോസ് സംവിധാനം ചെയ്തിട്ടുണ്ട്. അതിലൂടെ സ്വതന്ത്ര സംവിധായകനായി. കലാഭവൻ മണിയുടെ പ്രശസ്തമായ ‘മിന്നാമിനുങ്ങേ, മിന്നുംമിനുങ്ങേ…’ എന്ന ഗാനം ആദ്യമായി വന്നത് ‘കബഡി കബഡി’യിലൂടെയായിരുന്നു.

പി.ജി.വിശ്വംഭരൻ സംവിധാനംചെയ്ത ‘പുത്തൂരംപുത്രി ഉണ്ണിയാർച്ച’, അലി അക്ബറിന്റെ ‘ബാംബൂ ബോയ്സ്’, ദീപൻ സംവിധാനംചെയ്ത ‘താന്തോന്നി’ എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. സിനിമാ എഡിറ്റിങ്ങില്‍ ശങ്കുണ്ണിയുടെ അസിസ്റ്റന്റായിരുന്നു. രണ്ടു വർഷം മുൻപു വരെ സിനിമാരംഗത്ത് സുധീർ ബോസ് പ്രവർത്തിച്ചിരുന്നു. ബാലയുമായി ചേർന്ന് ഒരു സിനിമ ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും നീണ്ട ഇടവേളയ്ക്കുശേഷം സംവിധായകന്റെ കുപ്പായമണിയാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

ജേസി, തമ്ബി കണ്ണന്താനം, ക്യാപ്റ്റൻ രാജു, ഈസ്റ്റ് കോസ്റ്റ് വിജയൻ തുടങ്ങി നിരവധി സംവിധായകരുടെ സഹായിയായി പ്രവർത്തിച്ചു. നിരവധി ഷോർട്ട് ഫിലിമുകളും ഒരുക്കിയിട്ടുണ്ട്. സീരിയലുകളിലും പ്രവർത്തിച്ചു. ‘ഉന്നം’ എന്ന ഷോർട്ട് ഫിലിമാണ് ഒടുവില്‍ ചെയ്തത്. സ്വന്തം യുട്യൂബ് ചാനലിലൂടെ ഹ്രസ്വചിത്രങ്ങള്‍ സംവിധാനംചെയ്തു പുറത്തിറക്കിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here