കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 12 വയസുകാരന് രോഗം സ്ഥിരീകരിച്ചു.

0
29

കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കോഴിക്കോട് സ്വദേശിയായ 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. 5 ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.  കണ്ണൂർ തോട്ടട സ്വദേശിയായ 13 കാരിയും മലപ്പുറം മുന്നിയൂർ സ്വദേശിയായ അഞ്ച് വയസുകാരിയും നേരത്തെ മരിച്ചിരുന്നു. ഈ മാസം 12 നാണ് കണ്ണൂർ തൊട്ടാട സ്വദേശിയായ ദക്ഷിണ മരിച്ചത്.

അതീവ ജാഗ്രതയോടെ സാഹചര്യത്തെ ആരോഗ്യ വകുപ്പ് കാണുന്നത്. രോഗം റിപ്പോർട്ട് ചെയ്ത കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്കജ്വരം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.

രോഗ ലക്ഷണങ്ങള്‍: 

രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here