കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപനെതിരെ തൃശൂർ ഡിസിസി ഓഫീസിന് മുന്നിലും പ്രസ് ക്ലബ് റോഡിലും പോസ്റ്റർ. തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതാപനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് പോസ്റ്ററിൽ ആവശ്യപ്പെടുന്നു. പ്രതാപൻ ആർഎസ്എസ് ഏജന്റാണെന്നും കോൺഗ്രസിന്റെ ശാപമെന്നും പോസ്റ്ററിൽ രൂക്ഷവിമർശനം ഉണ്ട്.
കോൺഗ്രസിനെ നശിപ്പിച്ചതിൽ ഒന്നാം പ്രതി പ്രതാപനാണെന്ന് പോസ്റ്ററിൽ കുറ്റപ്പെടുത്തുന്നുണ്ട്. ‘തൃശൂർ ജില്ലയിൽ കോൺഗ്രസിനെ നശിപ്പിച്ച ടിഎൻ പ്രതാപനെയും എംപി വിൻസെന്റിനേയും അനിൽ അക്കരയെയും അടിച്ചുപുറത്താക്കുക’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റർ. സേവ് കോൺഗ്രസ് ഫോറെ തൃശൂർ എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലേറ്റ കനത്ത തോൽവിയും കൂട്ടത്തല്ലും പഠിക്കാൻ കെപിസിസി നിയോഗിച്ച ഉപസമിതി ഇന്ന് തെളിവെടുപ്പിനെത്തും. രാവിലെ ഡിസിസി ഓഫീസിൽ ജില്ലയിലെ മുതിർന്ന നേതാക്കളുമായി സമിതി അംഗങ്ങളായ കെ സി ജോസഫ്, ടി സിദ്ധിഖ്, ആർ ചന്ദ്രശേഖരൻ എന്നിവർ ആശയവിനിനയം നടത്തും. തുടർന്ന് ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നിന്നുമുള്ള പതിനാല് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരുമായും സംസാരിക്കും.
തെരഞ്ഞെടുപ്പ് പ്രവർത്തനം സംബന്ധിച്ചുള്ള വിലയിരുത്തലുകളും പരാതികളും ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കോ, ഉപസമിതിക്കോ രേഖാമൂലം എഴുതി നൽകാൻ അവസരമുണ്ട്. ഇവരെ ഇന്നത്തെ സിറ്റിങ്ങിൽ നേരിൽ കാണില്ല. തോൽവിയിലും കൂട്ടത്തല്ലിനെ തുടർന്നും ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരിനും യുഡിഎഫ് ചെയർമാൻ എംപി വിൻസെന്റിനും സ്ഥാനം നഷ്ടമായിരുന്നു. ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല വി കെ ശ്രീകണ്ഠൻ എംപി ഏറ്റെടുത്തതോടെയാണ് തെളിവെടുപ്പ് ആരംഭിക്കുന്നത്.