കുവെെറ്റിൽ തീപിടിത്തതിൽ മരിച്ച പ്രവാസികളുടെ മൃതദേഹം കേരളത്തിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. മൃതദേഹങ്ങൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മന്ത്രിമാർ, മറ്റു ജനപ്രതിനിധികൾ, ജില്ലാ കളക്ടർ എന്നിവർ വിമാനത്താവളത്തിലെത്തി. ശേഷം എല്ലാവരും ചേർന്ന് മൃതദേഹങ്ങളിൽ അന്തിമോപചാരം അർപ്പിച്ചു. കേരള പോലീസ് ഔദ്യോദിക ബഹുമതികളോടെ യാത്രയപ്പ് നൽകി.
ഓരോ ആംബുലൻസുകൾക്കും അകമ്പടിയായി ഒരു പോലീസ് വാഹനം ഒരുക്കിയിട്ടുണ്ട്. തമിഴ്നാട്, കർണാടക സ്വദേശികളുടെ മൃതദേഹങ്ങൾക്കും സംസ്ഥാന അതിർത്തി വരെ കേരള പോലീസ് സുരക്ഷയൊരുക്കും.
ഇന്ത്യൻ വ്യോമസേനയുടെ C-130J സൂപ്പർ ഹെർക്കുലീസ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. തമിഴ്നാട്, കർണാടക സ്വദേശികളുടെയും മൃതദേഹങ്ങൾ കൊച്ചിയിലേക്കാണ് കൊണ്ട് വന്നത്.