യൂറോ കപ്പ് എതിരാളികള്‍ക്ക് വെല്ലുവിളി മുഴക്കിക്കൊണ്ട് ക്രിസ്ത്യാനോ റൊണാള്‍ഡോ. പോർച്ചുഗലിന്റെ ക്യാപ്റ്റൻ ക്രിസ്ത്യാനോ റൊണാള്‍ഡോ അയർലണ്ടിനെതിരെ നടന്ന പരിശീലന മത്സരത്തില്‍ ഇരട്ട ഗോള്‍ നേടി കൊണ്ടാണ് മിന്നും പ്രകടനം കാഴ്ചവച്ചത്.
മൂന്നു ഗോളുകള്‍ക്കാണ് മത്സരത്തില്‍ പോർച്ചുഗല്‍ ടീം വിജയിച്ചത്.
നാളെയാണ് യൂറോകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ജൂണ്‍ 18ന് നടക്കുന്ന പോർച്ചുഗലിന്റെ ആദ്യ കളിയില്‍ എതിരാളികള്‍ ചെക്ക് റിപ്പബ്ലിക് ആണ്. പരിശീലന മത്സരത്തില്‍ തന്നെ അയർലണ്ടിനെതിരെ ഇരട്ട ഗോളുകള്‍ പായിച്ച ക്യാപ്റ്റൻ റൊണാള്‍ഡോ 39 ആം വയസ്സിലും തന്റെ കൃത്യതയും കരുത്തിനും ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ്.
ആകെ തന്റെ കളി ജീവിതത്തില്‍ 896 ഗോളുകളാണ് ഇതുവരെ റൊണാള്‍ഡോ നേടിയത്. പോർച്ചുഗല്‍ ടീമിനായി നേടിയ 131ഗോളുകളും ക്ലബ്ബുകള്‍ക്കായി നേടിയ 765 ഗോളുകളും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ നേടിയ 896 ഗോളുകളില്‍ 432 ഗോളുകളും താരം അടിച്ചുകൂട്ടിയത് 30 വയസ്സിന് ശേഷമാണ്. ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ആറാം യൂറോകപ്പ് മത്സരമാണ് 2024 ലേത്.
14 ഗോളുകളുമായി യൂറോയിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരൻ കൂടിയാണ് ക്രിസ്ത്യാനോ റൊണാള്‍ഡോ. യൂറോ കപ്പ് എന്ന സ്വപ്നം റൊണാള്‍ഡോയുടെ മിടുക്കില്‍ നേടിയെടുക്കാം എന്ന മോഹത്തിലാണ് പോർച്ചുഗല്‍ ടീം. ആതിഥേയരായ ജർമ്മനി നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ സ്കോട്ട്ലാൻഡിനെ നേരിടും. മ്യൂണിക്കിലെ അലിയാൻസ് അരീനയിലാണ് കളി നടക്കുന്നത്.