IPL 2024 : കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചാമ്പ്യന്‍മാര്‍

0
49

ഐപിഎല്‍ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 8 വിക്കറ്റിന് വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചാമ്പ്യന്‍മാര്‍. കൊല്‍ക്കത്തയുടെ മൂന്നാമത് ഐപിഎല്‍ കിരീടമാണിത്. കഴിഞ്ഞ അഞ്ച് സീസണുകളിലായി നിരാശപ്പെടുത്തിയ ടീമിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയാണിത്.ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തുറ്റവര്‍ തമ്മില്‍ നടന്ന പോരാട്ടം പക്ഷേ തീര്‍ത്തും ഏകപക്ഷീയമായിരുന്നു.

ഹൈദരാബാദിന് മത്സരത്തില്‍ ബാറ്റുകൊണ്ടോ പന്തുകൊണ്ടോ മികവിലേക്ക് ഉയരാന്‍ സാധിച്ചില്ല.114 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് ഒരു ഘട്ടത്തില്‍ വെല്ലുവിളി ഉണ്ടായില്ല. സുനില്‍ നരെയ്ന്‍(6) വേഗത്തില്‍ പുറത്തായെങ്കിലും വെങ്കടേഷ് അയ്യര്‍, റഹ്‌മാനുള്ള ഗുര്‍ബാസ്(39) എന്നിവര്‍ ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഗുര്‍ബാസ് 32 പന്തിലാണ് 39 റണ്‍സടിച്ചത്. അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും താരം പറത്തി.

ഗുര്‍ബാസ് വിജയത്തിന് അടുത്തെത്തിയപ്പോള്‍ പുറത്തായെങ്കിലും ശ്രേയസ് അയ്യരിനെ കൂട്ടുപിടിച്ച് ജയം നേടുകയായിരുന്നു അയ്യര്‍. 26 പന്തില്‍ 52 റണ്‍സുമായി പുറത്താവാതെ നിന്നു. നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും താരം പറത്തി. ഹൈദരാബാദ് നിരയില്‍ പാറ്റ് കമ്മിന്‍സ്, ഷഹബാസ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദ് 18.3 ഓവറില്‍ 113 റണ്‍സിന് പുറത്താവുകയായിരുന്നു. ഹൈദരാബാദിന് ഒരിക്കല്‍ പോലും കെകെആറിന്റെ ബൗളിംഗിന് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഹൈദരാബാദ് ശരിക്കും വിറച്ച് പോയിരുന്നു.

അതിവേഗ ബൗളിംഗിനെ നേരിടാനാവാതെ ബുദ്ധിമുട്ടുന്ന അഭിഷേക് ശര്‍മ(2)യെ ആണ് ക്രീസില്‍ കണ്ടത്. ഇത്ര നാളും അതിവേഗം സ്‌കോര്‍ ചെയ്തിരുന്ന അഭിഷേകിന് സ്റ്റാര്‍ക്കിന്റെ പന്തുകളെ തൊടാന്‍ പോലും സാധിച്ചില്ല. ഒടുവില്‍ അഞ്ചാമത്തെ പന്തില്‍ സ്റ്റാര്‍ക്ക് താരത്തിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. അതിവേഗം സ്വിംഗ് ചെയ്ത് വന്ന പന്തുകളെ മനസ്സിലാക്കാന്‍ പോലും അഭിഷേകിന് സാധിച്ചില്ല.

ട്രാവിസ് ഹെഡ്(0) ആയിരുന്നു അടുത്തതായി പുറത്തായത്. നേരിട്ട ആദ്യ പന്തില്‍ തന്നെ താരം പുറത്തായി. രാഹുല്‍ ത്രിപാഠി(9) കൂടി മടങ്ങിയതോടെ മൂന്നിന് 21 എന്ന നിലയില്‍ പതറുകയായിരുന്നു ഹൈദരാബാദ്. അവരുടെ സ്വതസിദ്ധമായ ആക്രമിച്ച് കളിക്കുന്ന ബാറ്റിംഗിനെ കെകെആര്‍ സമര്‍ത്ഥമായി പ്രതിരോധിക്കുകയും ചെയ്തു.

ചെന്നൈയിലെ പിച്ചും അവര്‍ക്ക് അനുകൂലമായി. എയ്ഡന്‍ മാക്രം(20) നിതീഷ് കുമാര്‍ റെഡ്ഡി(13) എന്നിവര്‍ പൊരുതാന്‍ നോക്കിയെങ്കിലും അധിക നേരം മുന്നോട്ട് പോയില്ല. മാക്രം 23 പന്തിലാണ് 20 റണ്‍സടിച്ചത്. മൂന്ന് ബൗണ്ടറികളാണ് താരം അടിച്ചത്. ഹെന്റിച്ച് ക്ലാസന്‍(16) മാത്രമാണ് പിന്നീട് കുറച്ചെങ്കിലും പിടിച്ച് നിന്നത്.

ഷഹബാസ് അഹമ്മദ്(8) അബ്ദുള്‍ സമദ്(4) എന്നിവരും പരാജയപ്പെട്ടു. കെകെആര്‍ ബൗളര്‍മാരില്‍ ആേ്രന്ദ റസ്സല്‍ മൂന്ന് വിക്കറ്റെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ എന്നിവര്‍ക്ക് രണ്ട് വിക്കറ്റും, വൈഭവ് അറോറ, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here