ന്യൂഡല്‍ഹി: നടൻ ജാക്കി ഷ്റോഫിന്റെ പേര്, ശബ്ദം എന്നിവ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് ഡല്‍ഹി ഹൈക്കോടതി തടഞ്ഞു.
തന്റെ പേര്, പ്രതിച്ഛായ, സാദൃശ്യം, വ്യക്തിത്വം, ശബ്ദം എന്നിവ ഇൻ്റർനെറ്റില്‍ ദുരൂപയോഗം ചെയ്യുന്നതിനെതിരെ നടൻ കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവേയായിരുന്നു ഇടക്കാല വിധി.
‘ഭിഡു’, ‘ഭിഡു കാ ഖോപ്ച’ എന്നീ വ്യാപാര മുദ്രകള്‍ ഒദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇത് മാനിക്കാതെ തന്റെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്ററുകള്‍, പരസ്യങ്ങള്‍, ടി-ഷർട്ടുകള്‍ തുടങ്ങിയവ പല കമ്ബനികളും അനധികൃതമായി ഉപയോഗിക്കുന്നുണ്ടെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തിപരമായ ഘടകങ്ങള്‍ നിയമപ്രകാരം സംരക്ഷിക്കപ്പെടണമെന്നും ജാക്കിയുടെ അഭിഭാഷകൻ വാദിച്ചു.
നടന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതി വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് വ്യക്തിത്വ ഘടകങ്ങള്‍ ഉപയോഗിക്കുന്നതിന് നടന്റെ അനുമതി ആവശ്യമാണെന്ന് നിരീക്ഷിച്ചു. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിനെ അത്തരം ചരക്കുകളുടെ വില്‍പ്പനയില്‍ നിന്ന് വിലക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. വിധി നടപ്പിലാക്കാൻ ഒരാഴ്ച സമയം അനുവദിച്ച കോടതി വിഷയം അടുത്ത വാദം കേള്‍ക്കുന്നത് ഒക്ടോബർ 14-ലേക്ക് മാറ്റി.