തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളില്‍ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .
പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് നാളെയും റെഡ് അലെർട്ട് പ്രഖ്യാപിച്ചത്. ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലെർട്ടും എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചു.
തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ മഴയാണ് ലഭിക്കുന്നത്. ജില്ലയില്‍ വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലയിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അപകട സാധ്യതയേറിയ മേഖലയിലുള്ളവർ മാറി താമസിക്കണമെന്നും കളക്ടർ നിർദേശം നല്‍കി. മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്നലെ പെയ്ത മഴയില്‍ തിരുവനന്തപുരത്തെ വിവിധയിടങ്ങളിലെ റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമായി. കോവളം, വലിയതുറ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളക്കെട്ട് ഉണ്ടായതോടെ ഗതാഗതം തടസപ്പെട്ടു. തോടുകളും കുളങ്ങളും നിറഞ്ഞുകവിഞ്ഞ നിലയിലാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കർശന നിർദേശമുണ്ട്.