പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ വീട്ടിൽ കയറി കുത്തികൊന്നു. കർണാടകയിലെ ബെണ്ടിഗേരി പോലീസ് സ്റ്റേഷൻ പരിധിയിലെ വീരപുര ഓനി മേഖലയിലാണ് സംഭവം. 21 കാരിയായ അഞ്ജലി അംബിഗേര എന്ന യുവതിയെ വിശ്വ സാവന്ത് (23) എന്ന ഗിരീഷ് ആണ് കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടന്ന യുവതിയെ പ്രതി വീട്ടില്‍ കയറി കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുലര്‍ച്ചെ 5.30 ഓടെയായിരുന്നു സംഭവം. പ്രതിയെ തടയാൻ യുവതിയുടെ വീട്ടുകാർ ശ്രമിച്ചെങ്കിലും കൊലപാതകം നടത്തി ഗിരീഷ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ മുത്തശ്ശിയും സഹോദരിമാരും നോക്കിനില്‍ക്കെയായിരുന്നു കൊലപാതകം. യുവതിയെ വീട്ടിലൂടെ വലിച്ചിഴച്ച പ്രതി, അടുക്കളയില്‍ കൊണ്ടിട്ടശേഷവും കുത്തി. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഗിരീഷ് നിലവിൽ ഒളിവിലാണ്. അതേസമയം തന്റെ പ്രണയാഭ്യർത്ഥന സ്വീകരിച്ചില്ലെങ്കിൽ നേഹ ഹിരേമത് എന്ന വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തിയപോലെ അഞ്ജലിയെ കൊല്ലുമെന്ന് ഗിരീഷ് ഭീഷണിപ്പെടുത്തിയതായി വീട്ടുകാർ പറഞ്ഞു. കൂടാതെ മാതാപിതാക്കൾ അറിയാതെ മൈസൂരിലേക്ക് വരണമെന്നും അഞ്ജലിയോട് ഇയാൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഗിരീഷിന്റെ ശല്യം സഹിക്കാനാവാതെ അഞ്ജലിയുടെ മുത്തശ്ശി നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ ഇത് ഗൗരവമായി കാണാതിരുന്ന പോലീസ് അപ്പോൾ നടപടി ഒന്നും സ്വീകരിച്ചില്ല എന്നും കുടുംബം ആരോപിക്കുന്നു. ഈ വിഷയത്തിൽ കൂടുതൽ ആശങ്കപ്പെടേണ്ട എന്ന് പറഞ്ഞ പോലീസ് അവരെ തിരിച്ചയച്ചു. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പ് പ്രകാരം കൊലപാതക കുറ്റമാണ് ചുമത്തിയത്. ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഗിരീഷ് നേരത്തെ മോഷണ കേസുകളിലടക്കം പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി. ബൈക്കുകൾ മോഷ്ടിച്ച് കേസുകളും ഇയാളുടെ പേരിലുണ്ട്.
ഹുബ്ബള്ളിയില്‍ കോണ്‍ഗ്രസ് നേതാവായ നിരഞ്ജൻ ഹിരേമത്തിന്റെ മകളും കോളജ് വിദ്യാർഥിയുമായ നേഹ ഹിരേമത്തിന്റെ കൊലപാതകം നടന്ന് ആഴ്ചകള്‍ക്കുള്ളിലാണ് വീണ്ടും ക്രൂരമായ കൊലപാതകം നടന്നത്. കർണ്ണാടകയിലെ ഹുബ്ബള്ളിയിലുള്ള കെഎൽഇ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു നേഹ ഹിരേമത്ത്. ഇതേ കോളേജിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന ഫയാസ് എന്ന യുവാവിന്റെ ആക്രമണത്തിൽ ആണ് പെൺകുട്ടി കൊല്ലപ്പെട്ടത്. പട്ടാപ്പകൽ കോളേജ് ക്യാമ്പസിൽ വച്ച് പ്രതി, നേഹയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കുറ്റകൃത്യം ചെയ്ത ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഫയാസിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.