മുണ്ടക്കൈ ദുരന്തം: പുനരധിവാസം വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടം;

0
49

വയനാട് മുണ്ടക്കൈ ദുരന്തത്തിലെ ദുരിതബാധിതർക്കായുള്ള പുനരധിവാസ പാക്കേജ് ഇന്ന് പ്രഖ്യാപിച്ചേക്കും. സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് രാവിലെ ഒമ്പതരക്ക് ഓണ്‍ലൈനായി ചേരും. പുനരധിവാസ പദ്ധതികളാണ് യോഗത്തിൻ്റെ അജണ്ട. താൽക്കാലിക ക്യാമ്പുകളിൽ കഴിയുന്നവരെ ആദ്യം വാടക വീടുകളിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം. ദുരന്തത്തിന് ഇരയായവർക്കുള്ള സ്ഥിരമായ പുനരവധിവാസ പദ്ധതി പരിഗണനയിലാണ്.

താൽക്കാലിക പുനരധിവാസം വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടവും മുൻകൈയ്യെടുക്കുകയാണ്. ഇതിനായി കെട്ടിടങ്ങൾ കണ്ടെത്താൻ നടപടി തുടങ്ങിയതായി മന്ത്രി കെ രാജൻ പറഞ്ഞു. ഒഴിഞ്ഞു കിടക്കുന്ന സർക്കാർ – സ്വകാര്യ കെട്ടിടങ്ങൾ, വീടുകൾ, റിസോർട്ടുകൾ എന്നിവ ഒരാഴ്ചയ്ക്കകം കണ്ടെത്താനാണ് സർക്കാരിൻ്റെ തീരുമാനം. സ്കൂളുകളിലെ ക്യാമ്പിൽ കഴിയുന്നവരെ കൂടുതൽ മികച്ച സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനാണ് ശ്രമമിക്കുന്നത്. സ്ഥിരമായ പുനരധിവാസം സാധ്യമാകുന്നത് വരെ ദുരിതബാധിതരുടെ താൽക്കാലിക പുനരധിവാസം ഈ കെട്ടിടങ്ങളിലായിരിക്കും.

കാണാതായവരുടെ വിവരശേഖരണം ഊർജ്ജിതമായി നടക്കുന്നുണ്ട്. റേഷൻ കാർഡിലെ അംഗങ്ങളുടെ വിവരങ്ങൾ നോക്കി പരിശോധന നടക്കുന്നുണ്ട്. ദുരന്തമുണ്ടായ മേഖലയിൽ വാസയോഗ്യമായ കെട്ടിടങ്ങൾ എത്ര എണ്ണം ബാക്കിയുണ്ടെന്ന് അറിയാൻ ദുരന്തനിവാരണ വകുപ്പ് ഇന്ന് മുതലാണ് പരിശോധന നടത്തുന്നത്. കെട്ടിടങ്ങൾ സന്ദർശിച്ച് തറ, ഭിത്തി, മേൽക്കൂര എന്നിവയുടെ ബലം പരിശോധിക്കും. എത്രമാത്രം കെട്ടിടാവശിഷ്ടങ്ങളുണ്ടെന്നും അവ നിലവിലെ കെട്ടിടത്തെ എങ്ങനെ ബാധിക്കുമെന്നും വിലയിരുത്തും. ഇവിടെ ആരോഗ്യപരമായി താമസിക്കാനാകുമോ എന്നും പരിശോധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here