കൊല്ലം: കാലാവസ്ഥാ വ്യതിയാനം കാരണം കശുവണ്ടി ഉത്പാദനത്തില്‍ വന്‍ ഇടിവ്. കശുമാവ് കൃഷി വികസന ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം 2017-18 വര്‍ഷം 92,813 ഹെക്ടറില്‍നിന്ന് 88,180 മെട്രിക് ടണ്‍ കശുവണ്ടി ഉത്പാദിപ്പിച്ചു.
2022-23 ല്‍ വിസ്തൃതി 1,08,589 ഹെക്ടറായി വര്‍ധിച്ചു. പക്ഷേ, ഉത്പാദനം 74,630 മെട്രിക് ടണ്ണായി കുറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഡയറക്ടറേറ്റ് ഓഫ് കാഷ്യൂ ആന്‍ഡ് കൊക്കോ ഡിവലപ്മെന്റ് കൊച്ചിയുടെ കണക്ക് അടിസ്ഥാനമാക്കിയാണ് വികസന ഏജന്‍സി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
2011-12-ല്‍ വിസ്തൃതി 83,000 ഹെക്ടറും ഉത്പാദനം 73,000 മെട്രിക് ടണ്ണും ആയിരുന്നു. 2017-18 ല്‍ വിസ്തൃതി 92,813 ആയി വര്‍ധിപ്പിക്കാനും ഉത്പാദനം 88,180 ടണ്ണായി കൂട്ടാനും കഴിഞ്ഞു. എന്നാല്‍ 2019-20-നുശേഷം അപ്രതീക്ഷിതമായി ഉണ്ടായ മഴയും കാലാവസ്ഥാ വ്യതിയാനവും ഉത്പാദനത്തില്‍ കുറവുണ്ടാക്കിയെന്നാണ് കശുമാവ് കൃഷി വികസന ഏജന്‍സിയുടെ വിലയിരുത്തല്‍.