കമ്പം: തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പത്ത് മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയവരെ തിരിച്ചറിഞ്ഞു. മരിച്ചത് ഒരു കുടുംബത്തിലെ അംഗങ്ങൾ എന്നാണ് പ്രാഥമിക വിലയിരുത്തൽ. കോട്ടയം പുതുപ്പള്ളി കാഞ്ഞിരംമൂട് സ്വദേശികളാണ്. വാകത്താനം പോലീസ് മിസിങ് കേസ് രജിസ്ട്രർ ചെയ്തിരുന്നു. വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ജോർജ് പി സ്കറിയ (60), ഭാര്യ മേഴ്സി (58), മകൻ അഖിൽ (29) എന്നിവരുടെ മൃതദേഹങ്ങൾ ആണെന്ന് പോലീസ് പറയുന്നു.
അഖിലിന്റ പേരിലുള്ളതാണ് KL-05- AU-9192 ഹ്യൂണ്ടായ് ഗ്രാൻഡ് ഐ 10 കാർ. സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇവർ നാടുവിട്ടതാകാമെന്ന് പോലീസ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന.തമിഴ്നാട് പോലീസ് അന്വേഷണം ആരംഭിച്ചു. കമ്പം വടക്ക് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. കാറിനുള്ളിൽ നിന്ന് കീടനാശിനിയുടെ കുപ്പി കണ്ടെത്തിയിട്ടുണ്ട്. കമ്പം കമ്പംമെട്ട് റോഡിൽ നിന്നും കുറച്ച് മാറി ഒരു തോട്ടത്തിൽ നിർത്തിയിട്ട കാറിന് അകത്താണ് രണ്ട് പുരുഷൻമാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ വ്യഴാഴ്ച്ച രാവിലെ കണ്ടെത്തിയത്. കേരള അതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്ററിനുള്ളിലാണ് സംഭവം.