നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ എട്ടാം പ്രതി ദിലീപിന് ഹൈക്കോടതിയില്‍ തിരിച്ചടി. അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വാദം മാറ്റിവെക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം വേണമെന്ന ആവശ്യത്തില്‍ മറ്റാര്‍ക്കും പരാതി ഇല്ലല്ലോയെന്നും ദിലീപിന് മാത്രം ആണല്ലോ പരാതിയെന്നും കോടതി ചോദിച്ചു. ഇതിന് പിന്നാലെയാണ് ഹര്‍ജി തള്ളിയത്.
കേസില്‍ 250ലധികം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ ജഡ്ജി വിധി പറയുന്നത് തടയുകയെന്ന ഉദ്ദേശ്യവും അതിജീവിതയ്ക്കും പ്രോസിക്യൂഷനുമുണ്ടെന്ന് ദിലീപ് ആരോപിച്ചിരുന്നു. ഹര്‍ജിക്ക് മറ്റു പല ഉദ്ദേശ്യങ്ങളുമുണ്ടെന്നും ദിലീപ് വാദിച്ചു. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നായിരുന്നു അതിജീവിത നല്‍കിയ ഹര്‍ജിയിലെ ആവശ്യം.
മെമ്മറി കാര്‍ഡ് ചോര്‍ന്നു എന്നു പറയുന്നത് ശരിയല്ല. ഫൊറന്‍സിക് സയന്‍സ് ലാബോറട്ടറി (എഫ്എസ്എല്‍) സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ട്. വിചാരണ വേളയില്‍ ഇതെല്ലാം പുറത്തു കൊണ്ടുവരും. തന്റെ വാദങ്ങള്‍ സീല്‍ഡ് കവറില്‍ കോടതിയില്‍ ഹാജരാക്കാമെന്നും ദിലീപ് അറിയിച്ചു. തന്റെ വാദങ്ങള്‍ ശരിയാണെന്ന് വ്യക്തമാക്കുന്നതിനുള്ള തെളിവ് കൈവശമുണ്ടെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. എന്നാൽ ഈ വാദങ്ങൾ ഹൈക്കോടതി പരിഗണിച്ചില്ല.
കോടതിയില്‍ സൂക്ഷിച്ചിരുന്ന പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ വാദം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് തടസ്സഹർജിയാണ് ദിലീപ് നൽകിയിരുന്നത്. നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്പെട്ട രണ്ട് സാക്ഷികളെ വിസ്തരിച്ച ശേഷം മാത്രമേ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണത്തിലെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാവൂയെന്നും ദിലീപ് ആവശ്യപ്പെടുന്നു.
2022 ലാണ് കോടതിയില്‍ സൂക്ഷിച്ചിരുന്ന നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ത്തപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിവരം പുറത്തുവന്നതോടെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രത്യേകം അന്വേഷിക്കണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. ഈ ഹര്‍ജിയില്‍ അതിജീവിതയുടെ അഭിഭാഷകന്റെ വാദം മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. വാദങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതോടെയാണ് ദിലീപിന്റെ പുതിയ നീക്കം.
നേരത്തെ കേസിലെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് അതിജീവിത അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ദിലീപ് വാദിച്ചിരുന്നു. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ട അതിജീവിതയുടെ ഹര്‍ജിയിലാണ് ദിലീപ് നേരത്തെ തന്റെ ഭാഗം അറിയിച്ചത്.