അമേരിക്കയിൽ എയ്ഡ്സ് രോഗം മറച്ചുവെച്ച് നിരവധി പേരുമായി ലൈംഗികബന്ധത്തിലേർപ്പെട്ട യുവാവിനെ 30 വർഷം തടവിന് ശിക്ഷിച്ചു. സിബിഎസ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മനപ്പൂർവ്വം എയ്ഡ്സ് രോഗം പരത്താൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് അലക്സാണ്ടർ ലൂയി എന്ന 34-കാരനെ ശിക്ഷിച്ചത്.30-ലധികം പുരുഷൻമാരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.
ഇതിൽ 16 വയസ്സുകാരനായ ആൺകുട്ടിയും ഉൾപ്പെടുന്നുണ്ട്. ലൈംഗികബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് താൻ എയ്ഡ്സ് രോഗിയാണെന്ന കാര്യം ഇയാൾ മനപ്പൂർവ്വം മറച്ചുവെക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇത് എയ്ഡസ് രോഗം പരത്തുന്നതിന് വേണ്ടിയാണെന്നും പോലീസ് കണ്ടെത്തി.അണ്ടർ കവർ ഡിറ്റക്ടീവാണെന്ന് അറിയാതെ ഇയാൾ ഒരു വ്യക്തിയുമായി നടത്തിയ ഓൺലൈൻ സംഭാഷണത്തിലൂടെയാണ് കേസ് തുടങ്ങിയത്.
ഇത് ഒരു 15കാരനായ ആൺകുട്ടിയാണെന്ന് കരുതിയായിരുന്നു ഇയാൾ സംഭാഷണം ആരംഭിച്ചത്. ഇതോടെ കുട്ടിയെ വശീകരിക്കാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.എന്നാൽ അന്വേഷണത്തിൽ ഇയാൾ എച്ച്ഐവി ബാധിതനാണെന്നും അതിന് വേണ്ട മരുന്നുകൾ ഇയാൾ കഴിക്കുന്നില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.
“15കാരനാണെന്ന് കരുതി ഇയാൾ ലൈംഗികബന്ധത്തിന് ക്ഷണിച്ചത് ഡിറ്റക്ടീവിനെയായിരുന്നു. ഇയാൾ ക്ഷണിച്ചത് പ്രകാരം സ്ഥലത്തെത്തിയ ലൂയിയെ പോലീസ് അറസ്റ്റ് ചെയ്തു. എച്ച്ഐവി രോഗബാധിതനായ ഇയാൾ മരുന്ന് കഴിക്കാതിരിക്കുകയും രോഗം പകർത്താമെന്ന ഉദ്ദേശത്തോടെ ഇയാൾ പലരുമായും ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്യുകയുമായിരുന്നു.
30 മുതൽ 50 വരെ ആളുകളുമായി താൻ ഇങ്ങനെ ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്ന് ഇയാൾ സമ്മതിച്ചു” പ്രോസിക്യൂട്ടർമാർ പറഞ്ഞു.കോടതി കുറ്റക്കാരനായി കണ്ടെത്തിയ ഇയാളെ 30 വർഷത്തിന് തടവുശിക്ഷ വിധിക്കുകയും ചെയ്തു. 16 വർഷങ്ങൾ ജയിലിൽ കഴിഞ്ഞാലെ ഇയാൾക്ക് പരോൾ നേടാനാവൂ.
“ഇയാളുടെ ചെയ്തികൾ ഒരു സമൂഹത്തെ ഒന്നാകെ ബാധിക്കുന്ന കാര്യമായിരുന്നുവെന്നും സമൂഹത്തെ അപകടകരമായ സാഹചര്യങ്ങളിൽ നിന്നും രക്ഷപ്പെടുത്തുന്നതിന് വേണ്ടിയാണ് ശിക്ഷ നൽകുന്നതെന്നും അഡ കൗണ്ടി പ്രോസിക്യൂട്ടർ ജാൻ ബെനെറ്റ്സ് പറഞ്ഞു.