തിരുവനന്തപുരം: ബെസ്ററ് ഔട്ട് ഓഫ് വേസ്റ്റ് എന്ന ആശയത്തിൽ നിന്നൊരു കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് ബെൻ ജേക്കബ് എന്ന യുവ ശാസ്ത്രജ്ഞൻ. പഴക്കം ചെന്ന സ്വന്തം കാറിനെ ഒരു കുഞ്ഞൻ ഒന്നാന്തരം മണ്ണുമാന്തി യന്ത്രമാക്കി മാറ്റി വ്യത്യസ്തനായിരിക്കുകയാണ് ബെൻ
തിരുവനന്തപുരം ചൂഴാറ്റുക്കോട്ട സിറ്റാഡലിൽ ബെൻ ജേക്കബ് എന്ന യുവ ശാസ്ത്രജ്ഞൻ തിരുവനന്തപുരം വലിയമല ഐ എസ് ആർ ഒയിലെ എൻജിനീയറിംഗ് വിഭാഗത്തിലെ എൻജിനിയറാണ്. തന്റെ പഴയ ഹാച്ച്ബാക്ക് കാറിനെയാണ് എസ്കവേറ്ററായി ഈ 32കാരൻ മാറ്റിയെടുത്തത്. വർഷങ്ങൾക്കു മുമ്പ് ഭാര്യ ജീജയ്ക്കായി 1998 മോഡൽ ഡെവൂ മാറ്റിസ് എന്ന കാർ സെക്കൻഡ് ഹാൻഡ് വാങ്ങിയിരുന്നു. കാലപ്പഴക്കം വന്നതിനെത്തുടർന്ന് അത് വിൽക്കാനോ ആക്രിക്ക് നൽകാനോ തീരുമാനിച്ചു. എന്നാൽ വ്യത്യസ്തമായി ആ കാർ വെറുതെ വിറ്റു കളയാതെ എന്തെങ്കിലും ആക്കി മാറ്റി ഉപയോഗപ്പെടുത്തണമെന്നുള്ള ആശയത്തിൽ നിന്നുടലെടുത്തതാണ് കാറിൽ ഘടിപ്പിച്ച കുഞ്ഞൻ എസ്കവേറ്റർ.
ഈ കാറിന് 22 വർഷം പഴക്കമുണ്ട് . 1.1 ടൺ ഭാരമാണ് എക്സ്കവേറ്ററിന്റേത്. 14 അടി ഉയരമുണ്ട്, കൂടാതെ ആറ് ടൺ വരെ കുഴിക്കാൻ ഇതിന് കഴിയും. 500 കിലോ വരെ പരമാവധി ലിഫ്റ്റിംഗിനും സാധിക്കും. മെയ് മാസം മുമ്പ് ആരംഭിച്ചതായിരുന്നു ഇതിൻറെ അണിയറ പണികൾ. പക്ഷെ ഇതിന്റെ ഭാഗങ്ങൾ ലഭിക്കുന്നതിൽ താമസം നേരിട്ടതോടെ സമയം നീണ്ടു പോയി. കാഡ് എന്ന കമ്പ്യൂട്ടർ സോഫ്റ്റ് വെയറിലാണ് ബെൻ എസ്കവേറ്ററിന്റെ ഡിസൈൻ നിർമ്മിച്ചത്. 2 മാസം നീണ്ട ഒറ്റയാൾ പോരാട്ടത്തിനൊടുവിലാണ് ബെൻ സ്വപ്നം സാക്ഷാത്കരിച്ചത്. ഇതിന്റെ പല ഭാഗങ്ങളും ഗുജറാത്തിൽ നിന്നാണ് വരുത്തിയത്. സാധാരണ എസ്കവേറ്ററിനെ പോലെയുള്ള ലിവർ,ഹൈട്രോളിക്ക് ഓയിൽ, സ്റ്റഡി ലെഗ് എന്നിവയും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. വീട്ടിലെ ചെറിയ ചെറിയ ജോലികൾ ചെയ്യുവാൻ ഇതുകൊണ്ട് സാധിക്കും.