ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്ന് 48 പവന് കവര്‍ന്നത് വ്യത്യസ്ഥമായ രീതിയില്‍.
കോട്ടയം: ആള്‍ത്താമസമില്ലാത്ത വീട്ടിലെ മോഷണ സംഭവത്തിന്റെ ചുരുളഴിക്കുന്നതിനായി ഊർജ്ജിത അന്വേഷണത്തിലാണ് പോലീസ്. 48 പവന് സ്വർണ്ണ മോഷണം നടന്നത്, മാങ്ങാനം പാലൂര്‍പ്പടി പുത്തന്‍പുരയ്ക്കല്‍ ഷീല ഇട്ടിയുടെ വീട്ടിലാണ്. ഇതിനെതിരെ പോലീസിനു പരാതി ലഭിച്ചിട്ടുണ്ട്. ഉടമ വിദേശത്തായതിനാല്‍ രണ്ടു വര്‍ഷമായി അടഞ്ഞു കിടക്കുന്ന വീട്ടില്‍ ശുചീകരണ ജോലിക്കാരന് മാത്രമാണ് ആഴ്ചകള്‍ ഇടവിട്ട് വരാറുള്ളത്. കഴിഞ്ഞ ദിവസം ഇദ്ദേഹം എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മോഷണം നടന്നതു രണ്ടാഴ്ചയ്ക്കു മുന്‍പെന്ന നിഗമനത്തിലാണ് ഈസ്റ്റ് പോലീസ്. കഴിഞ്ഞ ദിവസം പോലീസും വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. മോഷ്ടാവ് തകര്‍ത്ത ഗേറ്റിന്റെ താഴ്, വീടിന്റെ പിന്നിലെ ഗ്രില്ലുകള്‍ എന്നിവിടങ്ങളില്‍ ചിലന്തിവല കയറിയ നിലയിലാണ്. മോഷണം നടന്നിട്ട് ആഴ്ചകളായതിന്റെ ലക്ഷണമാണിതെന്നു പോലീസ് കരുതുന്നു. അലമാരയുടേത് ഉള്‍പ്പെടെ താക്കോലുകള്‍ താക്കോല്‍ പഴുതില്‍ തന്നെയാണ് ഉണ്ടായിരുന്നത്.
വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വീട്ടില്‍ സിസി ടിവി സംവിധാനമുണ്ടായിരുന്നെങ്കിലും പ്രവര്‍ത്തന ക്ഷമമല്ലായിരുന്നു. വൈദ്യുതി കണക്ഷന്റെ മെയിന്‍ സ്വിച്ചും ഓഫ് ചെയ്തിരുന്നു. 48 പവന് സ്വര്‍ണം വീട്ടില്‍ ഉണ്ടായിരുന്നതായി ഷീലയാണ് സമീപവാസിയെ വിളിച്ച് അറിയിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ ഇവിടേക്കെത്തിയിരുന്നു. രാത്രി പതിവായി വെളിച്ചമില്ലാത്ത വീടുകള്‍ നോക്കി മോഷണം നടത്തുന്നവരാകാം സംഭവത്തിനു പിന്നിലെന്നും സംശയിക്കുന്നു. പോലീസ് വിശദമായ അന്വേഷണത്തിലാണ്.