145 റണ്‍സ് വിജയലക്ഷ്യം ലഖ്‌നൗ നാല് പന്ത് ബാക്കി നില്‍ക്കെയാണ് വിജയം നേടിയത്. മാര്‍ക്കസ് സ്റ്റോയിസിനെ ഓള്‍റൗണ്ട് പ്രകടനമാണ് ലഖ്‌നൗവിന്റെ വിജയം സാധ്യമാക്കിയത്.സ്റ്റോയിസിന്റെ ബാറ്റിംഗാണ് മത്സരം എളുപ്പമാക്കിയത്. 45 പന്തില്‍ 62 റണ്‍സടിച്ചാണ് സ്റ്റോയിനിസ് പുറത്തായത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്. ദീപക് ഹൂഡ(18) നിക്കോളാസ് പൂരാന്‍(14) എന്നിവർക്ക് മത്സരത്തില്‍ വലിയ സ്‌കോര്‍ നേടാനായില്ല. ഹര്‍ദിക് പാണ്ഡ്യക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു. നുവാന്‍ തുഷാര, കോട്‌സി, മുഹമ്മദ് നബി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ ലഖ്‌നൗ മുംബൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മുംബൈയുടെ ബാറ്റിംഗ് നിര ഒരിക്കല്‍ കൂടി നിരാശപ്പെടുത്തുന്നതാണ് മത്സരത്തില്‍ കണ്ടത്. ഒരിക്കല്‍ പോലും ആക്രമിക്കാനാവാതെ പതറി നില്‍ക്കുകയായിരുന്നു മുംബൈയുടെ ബാറ്റിംഗ് നിര. അതിഗംഭീരമായി പന്തെറിഞ്ഞ ലഖ്‌നൗവിന്റെ ബൗളര്‍മാര്‍ക്കുള്ളതാണ് മുംബൈയെ ശരിക്കും വെള്ളം കുടിപ്പിച്ചതിന്റെ ക്രെഡിറ്റ്. ആദ്യ പത്തോവര്‍ ദയനീയമായിരുന്നു മുംബൈയുടെ പ്രകടനം. ആറോവറിനുള്ളില്‍ നാല് പേര്‍ കൂടാരം കയറിയതോടെ പ്രതിരോധത്തിലായിരുന്നു മുംബൈ.
രോഹിത് ശര്‍മ(4) സൂര്യകുമാര്‍ യാദവ്(10) തിലക് വര്‍മ(7) ഹര്‍ദിക് പാണ്ഡ്യ(0) എന്നിവര്‍ പുറത്താവുമ്പോള്‍ മുംബൈ സ്‌കോറില്‍ ആകെ ഉണ്ടായിരുന്നത് 27 റണ്‍സായിരുന്നു. ഇഷാന്‍ കിഷന്‍(32) നിഹാല്‍ വദേര(46) എന്നിവര്‍ ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് പിന്നീട് ടീമിനെ മുന്നോട്ട് നയിച്ചത്. എന്നാല്‍ സ്‌കോറിംഗിന് വേഗം വളരെ കുറവായിരുന്നു. ഇഷാന്‍ കിഷന്‍ 36 പന്തിലാണ് 32 റണ്‍സടിച്ചത്. മൂന്ന് ബൗണ്ടറികള്‍ ഇന്നിംഗ്‌സിലുണ്ടായിരുന്നു. വദേര 41 പന്തിലാണ് 46 റണ്‍സടിച്ചത്. നാല് ബൗണ്ടറിയും രണ്ട് സിക്‌സറുമാണ് താരം അടിച്ചത്. അതേസമയം 18 പന്തില്‍ 35 റണ്‍സടിച്ച ടി ഡേവിഡാണ് ടീം സ്‌കോര്‍ 140 കടത്തിയത്. ലഖ്‌നൗ നിരയില്‍ മൊഹസിന്‍ ഖാന്‍ രണ്ട് വിക്കറ്റെടുത്തു. സ്‌റ്റോയിനിസ്, നവീന്‍ ഉള്‍ഹക്ക്, മായങ്ക് യാദവ്, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.