സുരേഷ് ഗോപിയുടെ ഗ്രാഫ് നാൾക്കുനാൾ താഴേക്ക് പോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരേഷ് ഗോപി മാറ്റി മറിക്കുമെന്നാണ് ബിജെപി കരുതിയത്. അവർ തന്നെ പിന്നോട്ട് പോയി. തൃശൂർ എടുക്കും എന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി പറയുന്നത്, സുരേഷ് ഗോപി വിചാരിച്ചാൽ എടുക്കാൻ പറ്റുന്ന മണ്ഡലമാണോ തൃശൂർ എന്നായിരുന്നു മാധ്യമപ്രവർത്തകന്‍റെ ചോദ്യം.
സുരേഷ് ഗോപി എന്തോ വലിയ തോതിൽ തൃശൂരിനെ മാറ്റിമറിച്ച് കളയുമെന്ന വ്യാമോഹത്തിലായിരുന്നു ബി.ജെ.പി.ഇപ്പോൾ അവർ തന്നെ ആ മോഹം ഉപേക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്. അദ്ദേഹത്തിന്‍റെ ഗ്രാഫ് ദിനംതോറും താഴേക്ക് വരികയാണ്. നല്ല രീതിയിൽ പരാജയ അവസ്ഥയിൽ എത്തിനിൽക്കുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ -മുഖ്യമന്ത്രി പറഞ്ഞു.
സിപിഐഎമ്മിൻ്റെ അക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ഗോപിയെ രക്ഷിക്കാനാണെങ്കിൽ അത് നടക്കില്ല. സുരേഷ് ഗോപി തൃശൂരിരിൽ പരാജയപ്പെടുമെന്നും അദ്ദേഹത്തെ രക്ഷിക്കാൻ ആർക്കുമാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഐഎമ്മിൻ്റെ അക്കൗണ്ടുകൾ മരവിപ്പിച്ചാൽ സുരേഷ് ഗോപിക്ക് നേട്ടമുണ്ടാകും എന്ന ആലോചന ബിജെപിക്ക് ഉണ്ടാകാം. അതാണ് ഇഡി നടപടിക്ക് പിന്നിലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.