വേനലവധി ആഘോഷങ്ങൾക്കിടെയിൽ ഇടുക്കി അണക്കെട്ട് സന്ദർശിക്കാൻ അവസരം. ഇടുക്കി ചെറുതോണി ഡാമുകൾ മേയ് 31 വരെ പൊതുജനങ്ങൾക്കു സന്ദർശിക്കാനായി തുറന്നുകൊടുക്കും. സന്ദർശകർക്കായി അണക്കെട്ടുകൾ തുറന്നുനൽകുന്നതിൽ തീരുമാനമായി. എല്ലാ ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളും ഒഴികെയുള്ള ദിനങ്ങളിലായിരിക്കും സന്ദർശനത്തിന് അനുമതിയുള്ളത്.ഒരു സമയം പരമാവധി 20 പേർക്കാകും അണക്കെട്ടിലേക്ക് പ്രവേശനമുണ്ടാകുക.
സന്ദർശകരെ അനുവദിക്കുന്ന കാലയളവിൽ സെക്യൂരിറ്റി ഗാർഡുകളെ അധികമായി നിയമിച്ച് സിസിടിവി കാമറ നിരീക്ഷണത്തിലൂടെയും മെറ്റൽ ഡിറ്റക്റ്ററുകളുടെ സഹായത്തോടെയും പ്രവേശനം ക്രമപ്പെടുത്തും. ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കിയാകും സന്ദർശകരെ പ്രവേശിപ്പിക്കുക.ഡാമിനു സമീപം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തു ബാരിക്കേഡുകളുംമറ്റും ഉപയോഗിച്ചു വർക്ക് സൈറ്റുകൾ വേർതിരിച്ചു പ്രവേശനം നിയന്ത്രിക്കണമെന്നും ഇതുമായി ബന്ധപ്പെട്ടു സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.കഴിഞ്ഞ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ കണക്കിലെടുത്ത് പത്തുദിവസം സഞ്ചാരികൾക്കായി അണക്കെട്ട് തുറന്ന് നൽകിയിരുന്നു.
ഡിസംബർ 31 ന് പ്രവേശനം നിരോധിക്കുകയും ചെയ്തു. കഴിഞ്ഞവർഷം സഞ്ചാരികളിലൊരാൾ ഇടുക്കി അണക്കെട്ടിലെ പതിനൊന്ന് സ്ഥലങ്ങളിൽ താഴിട്ട് പൂട്ടുകയും ദ്രാവകം ഒഴിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് അണക്കെട്ടിലേക്കുള്ള പ്രവേശനം നിരോധിച്ചത്.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പത്ത് ആർച്ച് അണക്കെട്ടുകളിൽ ഒന്നാണ് ഇടുക്കി അണക്കെട്ട്. 780 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഇടുക്കി ജലവൈദ്യുത പദ്ധതി സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ്.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ പൈനാവിലാണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്. പെരിയാറിനു കുറുകെയാണ് അണക്കെട്ടു നിർമിച്ചിരിക്കുന്നത്. 60 ചതുരശ്രകിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ജലസംഭരണിയാണു ഡാമിനുള്ളത്.