സിപിഎമ്മിന് തിരിച്ചടി; 5 കോടിയോളം രൂപയുള്ള അക്കൗണ്ട് മരവിപ്പിച്ചു.

0
54

തൃശൂര്‍: സിപിഎമ്മിന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. ബാങ്കിൽ ഇന്നലെ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ പരിശോധന നടത്തിയിരുന്നു. പാർട്ടി നൽകിയ ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. 1998ൽ തുടങ്ങിയ അക്കൗണ്ടിൽ ഇപ്പോഴുള്ളത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതിൽ ഒരു കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റാണ്.

ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഒരു കോടി രൂപ പിൻവലിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയാണ് പണം പിൻവലിച്ചത്. ഈ പണം ചെലവഴിക്കരുതെന്ന് ഇൻകംടാക്സ് നിർദേശം നൽകിയിട്ടുണ്ട്. പണത്തിന്‍റെ സോഴ്സ് അടക്കമുളളവ വ്യക്തമാക്കാൻ ഇൻകംടാക്സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നും ഒളിപ്പിക്കാനില്ലെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് വിഷയത്തിൽ പ്രതികരിച്ചു. ബാങ്ക് ഓഫ് ഇന്ത്യയിൽ പാർട്ടിക്ക് അക്കൗണ്ട് ഉണ്ട്. നിയമം പാലിച്ചാണ് ബാങ്ക് ഇടപാടുകൾ. ഇഡിയുടെയും ആദായ നികുതി വകുപ്പിന്‍റെയും നീക്കം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കരുവന്നൂർ ബാങ്ക് കേസിൽ ഇഡി ചോദ്യം ചെയ്ത സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിൽ നിന്നും ആദായനികുതി വകുപ്പും മൊഴി എടുത്തിരുന്നു. തൃശ്ടൂരിലെ സിപിഎം അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആദായ നികുതി വകുപ്പ് തേടിയത്. കൊച്ചിയിലെ ഇ ഡി ഓഫിസിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. സിപിഎമ്മിന്‍റെ രഹസ്യ അക്കൗണ്ടുകൾ സംബന്ധിച്ച് ഇന്നലെ ഇഡിയുടെ ചോദ്യം ചെയ്യൽ നടന്നിരുന്നു. ഈ വേളയിലാണ് ഇഡി ഓഫീസിലെത്തി ആദായ നികുതി വകുപ്പും വിവരങ്ങൾ ശേഖരിച്ചത്. സിപിഎം പണം പിൻവലിച്ചതുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ രണ്ട് ദേശസാൽകൃത ബാങ്കിൽ ഐ ടി വിഭാഗം ഇന്നലെ പരിശോധനയും നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here