കീവ് : കിഴക്കന്‍ യുക്രെയിനില്‍ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയുടെ മാദ്ധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വീഡിയോ കോര്‍ഡിനേറ്ററായിരുന്ന അര്‍മാന്‍ സോള്‍ഡിന്‍ ( 32 ) ചൊവ്വാഴ്ച രാത്രി ചസീവ് യാര്‍ നഗരത്തിന് സമീപമുണ്ടായ റോക്കറ്റാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
പോരാട്ടം രൂക്ഷമായി തുടരുന്ന ബഖ്‌മുത് നഗരത്തിന് സമീപമാണ് ഇവിടം.
സോള്‍ഡിനൊപ്പമുണ്ടായിരുന്ന മറ്റ് എ.എഫ്.പി മാദ്ധ്യമ പ്രവര്‍ത്തകര്‍ ആക്രമണത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാര്‍ത്തകള്‍ ശേഖരിക്കാനെത്തിയ ഇവര്‍ യുക്രെയിന്‍ സൈനിക സംഘത്തോടൊപ്പമാണുണ്ടായിരുന്നത്. ഫ്രഞ്ച് പൗരനായ സോള്‍ഡിന്‍ 2015ല്‍ എ.എഫ്.പിയുടെ റോം ബ്യൂറോയിലൂടെയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
പിന്നീട് ലണ്ടനിലേക്ക് മാറി. യുക്രെയിനിലേക്ക് ഏജന്‍സി നിയോഗിച്ച ആദ്യ സംഘത്തിലെ അംഗമാണ് സോള്‍ഡിന്‍. സെപ്തംബര്‍ മുതല്‍ യുക്രെയിനില്‍ കഴിഞ്ഞിരുന്ന സോള്‍ഡിന്‍ കിഴക്ക്, തെക്കന്‍ യുക്രെയിനിലെ പോരാട്ടം രൂക്ഷമായ പ്രദേശങ്ങളില്‍ നിന്നുള്ള വീഡിയോ ചിത്രീകരണ ടീമിനെ നയിക്കുകയായിരുന്നു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും യുക്രെയിന്‍ പ്രതിരോധ മന്ത്രാലയം, വൈറ്റ് ഹൗസ് തുടങ്ങിയവയും സോള്‍ഡിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. സോള്‍ഡിന്റെ മരണത്തോടെ യുക്രെയിന്‍ അധിനിവേശത്തിനിടെ കൊല്ലപ്പെടുന്ന മാദ്ധ്യമ ജീവനക്കാരുടെ എണ്ണം 11 ആയി.