കേരളത്തില്‍ നിന്നും ലോകം തന്നെ ശ്രദ്ധിക്കുന്ന തരത്തില്‍ അതിവേഗത്തില്‍ വളർന്ന സംരഭകനാണ് കണ്ണൂർ സ്വദേശിയായ ബൈജു രവീന്ദ്രന്‍. ‘ലോകത്തിലെ ഏറ്റവും സമ്പന്നരുടെ’ പട്ടികയിൽ ഇടംപിടിച്ച ബൈജുവിന്റെ അദ്ദേഹത്തിന്റെ ബൈജൂസ് ഗ്രൂപ്പിന്റേയും വീഴ്ചയും അതിവേഗത്തിലായിരുന്നു. ഒരു വർഷം മുമ്പ് ബൈജു രവീന്ദ്രൻ്റെ ആസ്തി 17545 കോടി രൂപ (2.1 ബില്യൺ ഡോളർ) ആയിരുന്നു. അതായത് ചുരുങ്ങിയ കാലയളവിനുള്ളില്‍ ഉണ്ടാക്കിയത് ആരേയും അതിശയിപ്പിക്കുന്ന വളർച്ച.എന്നാല്‍ വാഴ്ചയേക്കാള്‍ വേഗത്തില്‍ ബെജു രവീന്ദ്രന്റെ വീഴ്ചയും സംഭവിക്കുന്നതാണ് പിന്നീട് കണ്ടത്.
അടുത്തിടെ പുറത്തിറക്കിയ ഫോബ്‌സ് ബില്യണയർ സൂചിക 2024 അനുസരിച്ച് ബൈജു രവീന്ദ്രന് സ്വത്ത് ഒന്നുമില്ല. “കഴിഞ്ഞ വർഷത്തെ ലിസ്റ്റിൽ നിന്ന് നാല് പേർ മാത്രമാണ് ഇത്തവണ പുറത്തായത്, മുൻ എഡ്‌ടെക് താരം ബൈജു രവീന്ദ്രൻ ഉൾപ്പെടെ, അദ്ദേഹത്തിൻ്റെ സ്ഥാപനം ബൈജൂസ് ഒന്നിലധികം പ്രതിസന്ധികളിൽ പെട്ടിരുന്നു.” ഫോബ്സ് പറഞ്ഞു2011-ൽ സ്ഥാപിതമായ ബൈജൂസ്, 2022-ൽ 22 ബില്യൺ ഡോളറിൻ്റെ ഏറ്റവും ഉയർന്ന മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പായി മാറിയിരുന്നു. പ്രൈമറി സ്‌കൂൾ മുതൽ എംബിഎ വരെയുള്ള വിദ്യാർത്ഥികൾക്ക് നൂതനമായ പഠന ആപ്പിലൂടെ വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു ബൈജു രവീന്ദ്രന്‍ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചത്. എന്നാല്‍ സമീപ കാലത്ത് സാമ്പത്തിക മേഖലയില്‍ വലിയ തിരിച്ചടിയാണ് ബൈജുസിന് നേരിടേണ്ടി വന്നത്.
ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണില്‍ നിക്ഷേപം ഉണ്ടായിരുന്ന ബ്ലാക്ക് റോക്ക് എന്ന സ്ഥാപനം 2024 ജനുവരിയില്‍ അവരുടെ ഓഹരിയുടെ മൂല്യം വെട്ടിക്കുറച്ചിരുന്നു.2022 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ബൈജൂസ് തങ്ങളുടെ കണക്കുകള്‍ അവതരിപ്പിച്ചപ്പോള്‍ 1 ബില്യൺ ഡോളറിലധികം നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഈ ഫെബ്രുവരിയോടെ ഓഹരി ഉടമകള്‍ ബൈജുവിനെ കമ്പനിയുടെ സി.ഇ.ഒ. സ്ഥാനത്തുനിന്ന് പുറത്താക്കി. ഇതിനോടകം തന്നെ ആയിരക്കണക്കിന് തൊഴിലാളികളേയും പിരിച്ചുവിട്ടു. ഈ ആഴ്ച മാത്രം കമ്പനി പിരിച്ചുവിട്ടത് 500 പേരെയാണ്. 2023-ല്‍ പ്രഖ്യാപിച്ച പുനഃസംഘടനയുടെ ഭാഗമായി ഇതുവരെ 3000-ഓളം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടു.