കോവിഡ് നിയന്ത്രണം; സംസ്ഥാനം ആവിഷ്‌കരിച്ചത് നിരവധി മാതൃകകൾ: മുഖ്യമന്ത്രി

0
83

കോവിഡ് വ്യാപനം നിയന്ത്രണത്തിന്റെ കാര്യത്തിൽ സംസ്ഥാനം നിരവധി മാതൃകകൾ ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്ടാക്ട് ട്രെയിസിങ്, ഗാർഹിക സമ്പർക്ക വിലക്ക്, സംരക്ഷണ സമ്പർക്ക വിലക്ക് തുടങ്ങിയ നടപടികൾ ഏറ്റവും വിജയിച്ച സംസ്ഥാനമാണ് നമ്മുടേത്. ഇക്കാര്യത്തിലുള്ള നമ്മുടെ രീതികൾ മറ്റ് സംസ്ഥാനങ്ങളും പിന്തുടരുന്നു. കോവിഡ് ആശുപത്രികളിൽ ഐസിയു, വെൻറിലേറ്റർ സംവിധാനം ഇങ്ങനെ ആധുനിക ചികിത്സയാണ് നൽകുന്നത്. അതുകൊണ്ടാണ് സംസ്ഥാനത്ത് മരണനിരക്ക് കുറഞ്ഞിരിക്കുന്നത്.

കോവിഡ് ഒരു ആരോഗ്യ പ്രശ്നം മാത്രമല്ല സാമൂഹ്യ സാമ്പത്തിക പ്രശ്നം കൂടിയാണ്. പല രാജ്യങ്ങളിലും നമ്മുടെ രാജ്യത്തിനകത്തും പൊതുജനാരോഗ്യ സംവിധാനം ദുർബലമായത് കൊണ്ട് ചികിത്സക്കായി ജനങ്ങൾ സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടിവരുന്നു. സ്വകാര്യ മേഖല ഈടാക്കുന്ന അമിത ചികിത്സാ ഫീസിനെ സംബന്ധിച്ചുള്ള പരാതികൾ വന്നു കൊണ്ടിരിക്കയാണ്. രോഗികളും ബന്ധുക്കളും വലിയ സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടുന്നത്. നമ്മുടെ സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ പൂർണ്ണമായും സൗജന്യ ചികിത്സയാണ് നൽകി വരുന്നത്. കോവീഡ് ആശൂപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻറ് സെൻററുകളിലും രോഗികൾക്ക് സൗജന്യ ഭക്ഷണവും നൽകുന്നു.

സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സക്ക് സർക്കാരുമായി സഹകരിക്കുന്നുണ്ട്. ഇപ്പോൾ പ്രവർത്തിക്കാത്ത 44 ആശുപത്രികളും ഭാഗികമായി പ്രവർത്തിക്കുന്ന 42 ആശുപത്രികളും സ്വകാര്യമേഖലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ആശുപത്രികൾ ഏറ്റെടുത്ത് കോവിഡ് പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായി മാറ്റും. കാരുണ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി കോവിഡ് കാലത്ത് കൂടുതൽ ആശുപത്രികൾ സർക്കാരുമായി കൈ കോർത്തുവരികയാണ്. കാസ്പ് ഗുണഭോക്താക്കൾക്കും സർക്കാർ റഫർ ചെയ്യുന്ന കോവിഡ് രോഗികൾക്കും എം-പാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിൽ നിന്നും സൗജന്യ ചികിത്സ ലഭിക്കും. കോവിഡ് ചികിത്സക്ക് മാത്രമായി താൽക്കാലിക എം-പാനൽമെൻറ് സൗകര്യം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ച് പ്രഖ്യാപിച്ചു. ജനറൽ വാർഡിൽ 2300 രൂപ, ഐസിയുവിൽ 6500 രൂപ, വെൻറിലേറ്റർ ഐസിയുവിൽ 11,500 രൂപ. ഇതാണ് നിശ്ചയിച്ചിട്ടുള്ളത്. ശ്രദ്ധിക്കേണ്ടത് രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മറ്റ് സംസ്ഥാനങ്ങളിൽ പലതിലും സർക്കാർ നിശ്ചയിച്ച് നിരക്കിലും വളരെ കൂടുതൽ പല സ്വകാര്യ ആശുപത്രികളും ഈടാക്കി രോഗികളെ കഷ്ടപ്പെടുത്തുന്നുണ്ട്.

കേരളത്തിൽ സർക്കാരുമായി പൂർണ്ണമായി സ്വകാര്യ മേഖല സഹകരിക്കുകയാണ്.
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പല ജില്ലകളിലും ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തതിനാൽ സംസ്ഥാനമൊട്ടാകെ ആത്മഹത്യ പ്രതിരോധ ക്യാമ്പയിൻ ‘ജീവരക്ഷ’ എന്ന പേരിൽ ആരംഭിക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here