അനശ്വര നടന്‍ ജയന്‍റെ ഓർമ്മകള്‍ക്ക് ഇന്ന് 44 വയസ്സ്.

0
30

തിരുവനന്തപുരം: മലയാളത്തിന്റെ അനശ്വര നടന്‍ ജയന്‍റെ ഓർമ്മകള്‍ക്ക് ഇന്ന് 44 വയസ്സ്. മരണത്തിനിപ്പുറവും മലയാളി ഇത്രമാത്രം നെഞ്ചേറ്റിയ മറ്റൊരു നടനില്ല. ജയനെന്നാല്‍ ഒരു തരംഗമാണ്. അന്നും ഇന്നും. വിടവാങ്ങിയിട്ട് നാലരപതിറ്റാണ്ടിനോട് അടുക്കുമ്പോഴും ആ ജയന്‍ തരംഗം തെല്ലും കുറയാതെ തലമുറകളിലേക്ക് പടർന്നുകൊണ്ടിരിക്കുന്നു. ഏത് ആഘോഷത്തിലും ഉന്‍മാദത്തിലും എന്തിന് തെരഞ്ഞെടുപ്പില്‍ പോലും ജയന്‍ നിറയുന്ന കാഴ്ച.

1939 ജൂലൈ 29ന് കൊല്ലം ജില്ലയിലെ തേവള്ളിയില്‍ ജനിച്ച കൃഷ്ണന്‍നായർ 15 വർഷത്തെ നാവികസേനയിലെ സേവനത്തിന് ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. 1974ൽ ശാപമോക്ഷത്തിലൂടെ അരങ്ങേറ്റം.ജോസ് പ്രകാശ് ആണ് കൃഷ്ണൻനായരെ ജയൻ ആക്കി മാറ്റിയത്.

സത്യന്‍ മാഷും പ്രേംനസീറും കത്തിനില്‍ക്കുന്ന കാലത്ത് വില്ലന്‍ വേഷത്തിലൂടെ തന്റെ തനതായ സ്റ്റൈലിലൂടെ ജയന്‍ പുതിയ വഴി വെട്ടി. ശരപഞ്ജരത്തിലൂടെ സൂപ്പർ താരപദവിയും താരം നേടി.

പിന്നെ കണ്ടത് ജയന്‍ എന്ന ഇതിഹാസത്തിന്റെ തേരോട്ടം. ജയനെ പോലെ നടക്കാന്‍, സംസാരിക്കാന്‍ വസ്ത്രം ധരിക്കാന്‍ പുഞ്ചിരിക്കാന്‍ ശരീരം ശ്രദ്ധിക്കാനൊക്കെ യുവാക്കള്‍ മത്സരിച്ചു. ആണഴകിന്‍റെ അവതാരപ്പിറവിയെന്ന് വാഴ്ത്തുകള്‍ താരത്തെ തേടിയെത്തി. വെറും ആറുവർഷം കൊണ്ട് അഭിനയിച്ചത് 116 സിനിമകള്‍.

സാഹസികത ആയിരുന്നു മറ്റൊരു മുഖമുദ്ര. കോളിളക്കത്തില്‍ സംവിധായകന്‍ ഓക്കെ പറഞ്ഞ ടേക്ക് പോലും തന്റെ തൃപ്തിക്ക് വേണ്ടി ഒന്നൂടെ എടുക്കണമെന്ന ജയന്‍റെ ആവശ്യം മലയാളിയെ തീരാനോവിലേക്കാണ് തള്ളിവിട്ടത്.

ജയനെക്കുറിച്ചുള്ള എല്ലാ ഓർമ്മക്കുറിപ്പുകളും അവസാനിക്കുന്പോള്‍ പറഞ്ഞ് നിർത്തുന്ന ഒരു സ്ഥിരം വാചകമുണ്ട്. അദ്ദേഹം ഇന്ന് ഉണ്ടായിരുന്നെങ്കില്‍. എന്നാല്‍ ഏറ്റവും അവസാനം എഐ കാലത്ത് ജയന്‍റെ രംഗങ്ങള്‍ പുനര്‍ജനിപ്പിച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് വൈറലായത്.

 

LEAVE A REPLY

Please enter your comment!
Please enter your name here