ദുരിതഭൂമിയില്‍ ഭക്ഷണക്കിറ്റുമായി കെ.ആര്‍.സി.എസ്; ഗസ്സയുടെ വിശപ്പകറ്റി കുവൈത്ത്.

0
81

കുവൈത്ത് സിറ്റി: ഇസ്രായേല്‍ ആക്രമണത്തില്‍ ഭക്ഷണവും വെള്ളവും പാര്‍പ്പിടവും നഷ്ടപ്പെട്ട് പരിക്കും ദുരിതങ്ങളുമായി കഴിയുന്ന ഫലസ്തീനികള്‍ക്ക് സഹായവുമായി കുവൈത്തിന്റെ ആശ്വാസ പ്രവര്‍ത്തനങ്ങള്‍.

കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആര്‍.സി.എസ്) തുടര്‍ച്ചയായി 26ാം ദിവസവും കുടിയിറക്കപ്പെട്ട ഫലസ്തീനികള്‍ക്കായി സഹായമെത്തിച്ചു. ദിവസവും ആയിരക്കണക്കിന് പേരിലേക്കാണ് കെ.ആര്‍.സി.എസ് സഹായം എത്തുന്നത്.

യുദ്ധക്കെടുതികള്‍ക്കൊപ്പം പട്ടിണിയില്‍ അകപ്പെട്ട കുഞ്ഞുങ്ങള്‍ അടക്കമുള്ളവര്‍ക്ക് ഇത് വലിയ ആശ്വാസമാണ്. കെ.ആര്‍.സി.എസുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഫലസ്‌തീനിയൻ വളന്റിയര്‍ ടീമുകളും സഹായവിതരണത്തിന് കൂടെയുണ്ട്. ചൂടുള്ള ഭക്ഷണം, ബ്രെഡ്, ഈത്തപ്പഴം എന്നിവയാണ് ദിവസവിതരണം. വൈദ്യസഹായം, മെഡിക്കല്‍ സേവനങ്ങള്‍ക്കുള്ള സാധനങ്ങള്‍ എന്നിവയും വിതരണം ചെയ്യുന്നു.

ഗതാഗത സൗകര്യങ്ങള്‍ ഇല്ലാത്തതും ഇന്ധനം ലഭ്യമാകുന്നതിനുള്ള ബുദ്ധിമുട്ടുകളും കടുത്ത ക്ഷാമവും വൈദ്യുതിമുടക്കവും ആഹാരം പാകംചെയ്യുന്നതിന് ഗസ്സയില്‍ പലയിടത്തും പ്രയാസങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ആവശ്യത്തിന് മാവുകള്‍ ഇല്ലാത്തതും പ്രയാസമാണ്.

ആക്രമണങ്ങളും മറ്റു തടസ്സങ്ങളും കാരണം എല്ലാ ഇടത്തേക്കും കെ.ആര്‍.സി.എസിന് എത്താനാകുന്നുമില്ല. ഗസ്സയിലേക്ക് അടിയന്തര സഹായമായി ഭക്ഷണവും മരുന്നും എത്തിക്കാൻ കുവൈത്ത് എയര്‍ ബ്രിഡ്ജ് ആരംഭിച്ചിട്ടുണ്ട്. 10 വിമാനങ്ങളിലായി ഗസ്സയിലേക്ക് ഇതുവരെ കുവൈത്ത് 280 ടണ്‍ ഭക്ഷണവും മരുന്നും അയച്ചു. ഇതിനു പുറമെ 10ലേറെ ആംബുലൻസുകളും മണ്ണുമാന്തിയന്ത്രവും കുവൈത്ത് അയച്ചിട്ടുണ്ട്.

പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനുമായാണ് ആംബുലൻസുകള്‍ അയക്കുന്നത്. തകര്‍ന്ന കെട്ടിടങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായാണ് മണ്ണുമാന്തിയന്ത്രം.

കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, റിലീഫ് സൊസൈറ്റി, അല്‍ സലാം ഹ്യൂമാനിറ്റേറിയൻ വര്‍ക്ക്സ് അസോസിയേഷൻ, കുവൈത്ത് ചാരിറ്റബ്ള്‍ സൊസൈറ്റികള്‍, മാനുഷിക സ്ഥാപനങ്ങള്‍ എന്നിവയുടെ പിന്തുണ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്. കുവൈത്ത് നേതൃത്വവും സര്‍ക്കാറും വിവിധ മന്ത്രാലയങ്ങളും സഹായങ്ങള്‍ക്ക് തുടര്‍ച്ചയായ പിന്തുണ നല്‍കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here