നടി സുമലത ഇനി സ്വതന്ത്രയല്ല, ബിജെപിയിൽ ചേരും.

0
68

കർണാടകയിൽ ബിജെപി-ജെഡി(എസ്) സഖ്യത്തിന് പിന്തുണ അറിയിച്ച് മാണ്ഡ്യയിലെ സിറ്റിംഗ് എംപി സുമലത അംബരീഷ്. ബുധനാഴ്ച മാണ്ഡ്യ നഗരത്തിൽ ചേർന്ന യോഗത്തിലാണ് ബിജെപിയിൽ ചേരാനുള്ള തീരുമാനം സ്വതന്ത്ര എംപി കൂടിയായ സുമലത അറിയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി കുമാരസ്വാമിയെ സുമലത പിന്തുണയ്ക്കുമെന്നാണ് വിവരം. ഇതോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി സുമലത മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി.

ദക്ഷിണ കർണാടക മേഖലയിൽ ബിജെപി-ജെഡി(എസ്) സഖ്യത്തിൽ നിന്നും കടുത്ത മത്സരം എതിരാളിക്കുണ്ടാകുമെന്ന സൂചനയാണ് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് സംസ്ഥാന അധ്യക്ഷനുമായ കുമാരസ്വാമിയുടെ സ്ഥാനാർത്ഥിത്വം എന്നാണ് വിലയിരുത്തൽ. ബംഗളൂരു സന്ദർശന വേളയിൽ കുമാരസ്വാമിയെ പിന്തുണക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുമലതയുമായി ഫോണിൽ ചർച്ച നടത്തിയിരുന്നു. കൂടാതെ സുമലതയുടെ വസതിയിലെത്തി കുമാരസ്വാമി പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കുമാരസ്വാമിയുടെ മകനായ നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തിയാണ് സുമലത പാർലമെന്റിൽ എത്തിയത്.

ബിജെപി സർക്കാർ മാണ്ഡ്യ മണ്ഡലത്തിന് 4,000 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചിരുന്നുവെന്നും ഒപ്പം തന്റെ തീരുമാനങ്ങളുടെ അനന്തരഫലങ്ങളെപ്പറ്റി പ്രധാനമന്ത്രി തന്നോട് സംസാരിക്കുകയും തന്റെ നേതൃത്വം അദ്ദേഹത്തിന്റെ പാർട്ടിക്ക് ആവശ്യമാണെന്ന് പറയുകയും ചെയ്തതായി സുമലത പറഞ്ഞു. ഒപ്പം ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ ഒരു വലിയ ശക്തിയാക്കി പ്രധാനമന്ത്രി മാറ്റിയെന്നും അദ്ദേഹത്തിന്റെ ഭരണ കാലത്ത് അഴിമതി നടന്നിട്ടില്ലെന്നും സുമലത പറഞ്ഞു. സിറ്റിംഗ് എംപിയായ സീറ്റ് താൻ ത്യജിക്കുകയാണെന്നും ഒരുപക്ഷെ സാധാരണക്കാർക്ക് രാഷ്ട്രീയത്തിലെ സങ്കീർണ്ണതകളെക്കുറിച്ച് മനസ്സിലാകില്ലെന്നും സുമലത കൂട്ടിച്ചേർത്തു. ‘‘ഞാൻ സ്വതന്ത്രയായി മത്സരിച്ചാൽ ആർക്കാണ് ഗുണം? എന്നെ പാർട്ടിക്ക് ആവശ്യമില്ലെന്നും ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞിരുന്നു. അത്തരമൊരു പ്രസ്താവന വന്നതിന് ശേഷം ഞാൻ എങ്ങനെ കോൺഗ്രസിൽ ചേരും,’’ മാണ്ഡ്യയിൽ പാർട്ടിപ്രവർത്തകരുടെ യോഗത്തിൽ പങ്കെടുത്തു സംസാരിക്കവെ അവർ ചോദിച്ചു.
വ്യവസായിയായ വെങ്കിട്ടരമണ ഗൗഡയാണ് മാണ്ഡ്യയിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി. കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റുമായ ഡി. കെ. ശിവകുമാറുംകുമാരസ്വാമിയും തമ്മിൽ നേരിട്ടുള്ള മത്സരത്തിനാകും മാണ്ഡ്യ വേദിയാവുക എന്നാണ് വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here