ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ ‘ഷവോമി’ വൈദ്യുത വാഹന രംഗത്തേക്ക് ചുവടുവെച്ചുകൊണ്ട് ‘എസ്.യു.7’ എന്ന പേരില്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചു. ചൈനയിലാണ് ആദ്യഘട്ടത്തില്‍ ഇത് ലഭിക്കുക. വിപണിയില്‍ അവതരിപ്പിച്ച് 24 മണിക്കൂറിനുള്ളില്‍ 88,898 കാറുകള്‍ക്ക് ബുക്കിങ് ലഭിച്ചതായി കമ്പനി അറിയിച്ചു. അഞ്ച് ദിവസം പിന്നിട്ടതോടെ ഒരുലക്ഷത്തിന് മുകളില്‍ ആളുകളാണ് ഈ വാഹനം ബുക്കുചെയ്തിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.2.16 ലക്ഷം യുവാന്‍ മുതലാണ് ഇതിന്റെ വില. അതായത് ഏതാണ്ട് 25 ലക്ഷം രൂപ മുതല്‍.
ടെസ്ലയുടെ മോഡല്‍ 7 എന്ന ഇലക്ട്രിക് കാറുമായായിരിക്കും ഷവോമി എസ്.യു.7 മത്സരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 700 കിലോമീറ്റര്‍ വരെ ഓടാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 2.78 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഹത്തിലെത്തുന്ന എസ്.യു7-ന്റെ പരമാവധി വേഗത മണിക്കൂറില്‍ 210 കിലോമീറ്ററാണ്. ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവുമുണ്ടാകും. 10 ശതമാനത്തില്‍നിന്ന് 80 ശതമാനത്തിലേക്ക് ചാര്‍ജ് ചെയ്യാന്‍ 25 മിനിറ്റുകള്‍ മതി.പ്രധാനമായും ഇതിലെ സെല്‍-ടു-ബോഡി സംവിധാനത്തില്‍ നല്‍കിയിട്ടുള്ള ബാറ്ററി പാക്കാണ് വാഹനത്തിന്റെ സവിശേഷത.
ഈ സംവിധാനത്തില്‍ കൂടുതല്‍ സ്പേസ് നല്‍കുന്നതിനൊപ്പം വയറിങ്ങും താരതമ്യേന കുറവാണ്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഈ വാഹനം എത്തുന്നുണ്ട്. 73.6 കിലോവാട്ട്, 101 കിലോവാട്ട് എന്നിങ്ങനെയാണ് ബാറ്ററിയുടെ ശേഷി. വരും വര്‍ഷങ്ങളില്‍ 1200 കിലോമീറ്റര്‍ റേഞ്ച് ഉറപ്പാക്കുന്ന മോഡല്‍ എത്തിക്കുമെന്നാണ് ഷഓമി ഉറപ്പുനല്‍കുന്നത്.വാഹനത്തിന്റെ ചാര്‍ജിങ്ങ് സമയമാണ് എസ്.യു.7-ന്റെ മറ്റൊരു ഹൈലൈറ്റ്. അള്‍ട്ര ചാര്‍ജര്‍ ഉപയോഗിച്ച് കേവലം അഞ്ച് മിനിറ്റ് നേരം ചാര്‍ജ് ചെയ്താല്‍ 220 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് ബാറ്ററിയിലെത്തും.
ഇത് 15 മിനിറ്റാണെങ്കില്‍ 350 കിലോമീറ്റര്‍ സഞ്ചരിക്കാനും സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. സ്റ്റാന്റേഡ്, പ്രോ, മാക്‌സ് എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം വ്യത്യസ്ത പവറുകളാണ് ഉത്പാദിപ്പിക്കുന്നത്.സ്റ്റാന്റേഡ്, പ്രോ മോഡലുകള്‍ 299 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുമ്പോള്‍ ഡ്യുവല്‍ മോട്ടോറുകളുള്ള എസ്.യു.7 മാക്സ് പെര്‍ഫോമെന്‍സ് ഭീമനാണ്. മുന്നിലേയും പിന്നിലേയും ആക്സിലുകളില്‍ നല്‍കുന്ന ഇതിലെ സൂപ്പര്‍ മോട്ടോര്‍ വി6 637 എച്ച്.പി. പവറും 838 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 2.78 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന വാഹനത്തിന് 200-ല്‍ എത്താന്‍ വെറും 10 സെക്കന്റ് മതി.