ബിരുദ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31വരെ നീട്ടി.

0
51

ബിരുദ പ്രവേശനത്തിനുള്ള കോമണ്‍ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് (CUET UG 2024) ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. സമയപരിധി മാർച്ച് 31 വരെ നീട്ടിയതായി യുജിസി ചെയർമാൻ മമിദാല ജഗദേഷ് കുമാർ അറിയിച്ചു. പരീക്ഷകള്‍ മെയ് 15 നും 31 നും ഇടയിലാണ് നിശ്ചയിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാൻ മാർച്ച്‌ 31ന് രാത്രി 9:50 വരെ സമയമുണ്ട്.

കേന്ദ്ര-സംസ്ഥാന -ഡീംഡ് – സ്വകാര്യ സർവകലാശാലകളിലുടനീളം പ്രവേശന പരീക്ഷയിലൂടെയാണ് നിലവിൽ അഡ്മിഷൻ പ്രക്രിയകൾ കാര്യക്ഷമമാക്കിയിരിക്കുന്നത്. കൂടാതെ സിയുഇടി – യുജി പരീക്ഷ ഈ വർഷം മുതൽ ഹൈബ്രിഡ് രീതിയിൽ നടത്താനും തീരുമാനമായി. ഗ്രാമപ്രദേശങ്ങളിലെ വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻടിഎ ഇത് നടപ്പാക്കിയിരിക്കുന്നത്. ഇവർക്ക് വീടിനടുത്തു തന്നെ പരീക്ഷാ കേന്ദ്രങ്ങൾ ലഭിക്കും എന്നതാണ് ഹൈ​ബ്രിഡ് മോഡിന്റെ പ്രത്യേകത. ഇത്തവണത്തെ പരീക്ഷാ ഫോർമാറ്റ് മുതൽ വിഷയങ്ങളുടെ എണ്ണത്തിൽ വരെ ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് എൻടിഎയിലെയും യുജിസിയിലെയും മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

അതിൽ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിംഗും ചില കോഴ്സുകൾക്ക് എഴുത്ത് പരീക്ഷകളും ഉൾപ്പെടുന്നു. ഇതിനുപുറമേ കൂടുതൽ രജിസ്ട്രേഷൻ ലഭിക്കുന്ന വിഷയങ്ങൾക്ക് ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നിഷൻ (OMR) ഉപയോഗിച്ച് പേന-പേപ്പർ ഫോർമാറ്റ് സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ രീതി സ്വീകരിക്കുന്നതിലൂടെ ഒരേ ദിവസം, ഒരു ഷിഫ്റ്റിൽ എല്ലാ വിദ്യാർത്ഥികൾക്കും പരീക്ഷ എഴുതാൻ സാധിക്കും എന്നാണ് വിലയിരുത്തുന്നത്. അതോടൊപ്പം ഹൈബ്രിഡ് മോഡ് സ്വീകരിക്കുന്നതിലൂ‌ടെ പരീക്ഷാ ദിവസങ്ങളുടെ എണ്ണം കുറക്കാനാകുമെന്നും കണക്കാക്കുന്നു. കഴിഞ്ഞ തവണ ഏകദേശം 14.9 ലക്ഷം CUET-UG രജിസ്ട്രേഷനുകൾ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here