പ്രണയവും, കുടുംബ ബന്ധവും, തമാശകളും പ്രമേയമാക്കിക്കൊണ്ട് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘റാഹേൽ മകൻ കോര’. 2023 ഒക്ടോബർ 13ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തി. സൈന പ്ലേയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. ഇന്ന് മാർച്ച് 27 മുതൽ ചിത്രം ഒടിടിയിൽ സംപ്രേഷണം ചെയ്ത് തുടങ്ങിയിരിക്കുന്നത്.
തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് കാര്യമായ പ്രകടനം ബോക്സ്ഓഫീസിൽ സൃഷ്ടിക്കാനായില്ല. സിംഗിൾ പാരന്‍റിങ് വിഷയമാക്കിക്കൊണ്ട് എത്തുന്ന ചിത്രമൊരുക്കുന്നത് 2010 മുതൽ മലയാള സിനിമയിൽ സഹസംവിധായകനായി പ്രവർത്തിക്കുന്ന ഉബൈനിയാണ്. സംവിധായകൻ ലിയോ തദേവൂസിനോടൊപ്പം അസിസ്റ്റന്‍റായി തുടങ്ങിയ അദ്ദേഹം ‘മെക്സിക്കൻ അപാരത’ മുതൽ ‘പത്തൊമ്പതാം നൂറ്റാണ്ട്’ വരെയുള്ള സിനിമകളിൽ ചീഫ് അസോസിയേറ്റായിരുന്നു. ഉബൈനിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് ‘റാഹേൽ മകൻ കോര’.
‘സൂ സൂ സുധി വാത്മീകം’, ‘ഊഴം’, ‘സോളോ’, ‘ആട് 2′,’അബ്രഹാമിന്‍റെ സന്തതികള്‍’,’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ആൻസൻ പോളാണ് സിനിമയിൽ നായകവേഷത്തിലെത്തുന്നത്. ‘അബ്രഹാമിൻ്റെ സന്തതികളി’ൽ മമ്മൂട്ടിയുടെ സഹോദരനായ ഫിലിപ്പ് എബ്രഹാം എന്ന കഥാപാത്രമാണ് ആൻസൺ പോളിനെ മലയാളികളുടെ പ്രിയങ്കരനായ നടനാക്കിയത്. ഒട്ടേറെ സിനിമകളിൽ ചേച്ചി, അമ്മ വേഷങ്ങളിലെത്തി മലയാളികളുടെ ഇഷ്ട അഭിനേത്രിയായ സ്മിനു സിജോയാണ് അമ്മ വേഷത്തിൽ എത്തുന്നത്. ‘പൂമരം’, ‘ഹാപ്പി സർദാർ’ സിനിമകളിൽ അഭിനയിച്ചിട്ടുള്ള മെറിൻ ഫിലിപ്പാണ് ചിത്രത്തിലെ നായിക.