ഗുസ്‌തി ഫെഡറേഷൻ പ്രതിനിധികൾ ഭീഷണിപ്പെടുത്തുന്നു; ബജ്‌റംഗ് പൂനിയ

0
69

ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധികൾ വനിതാ ഗുസ്‌തി താരങ്ങളെ ഭീഷണിപ്പെടുത്തുകയും പണം വാഗ്‌ദാനം ചെയ്യുകയും ഡബ്ല്യുഎഫ്‌ഐ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ പരാതി പിൻവലിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നുവെന്ന ആരോപണവുമായി ഒളിമ്പിക് മെഡൽ ജേതാവ് ബജ്‌രംഗ് പൂനിയ. ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകിയ 7 വനിതകളുടെ ഐക്യം തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ബജ്‌റംഗ് പറഞ്ഞു. അതേസമയം, ജന്തർ മന്തറിൽ ഇന്ത്യൻ മുൻനിര ഗുസ്‌തി താരങ്ങൾ ഭരണ സമിതിക്കും അതിന്റെ മേധാവിക്കുമെതിരെ പ്രതിഷേധം തുടരുകയാണ്.

ബജ്‌റംഗ് പൂനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരുടെ നേതൃത്വത്തിൽ ഗുസ്‌തി താരങ്ങൾ ഡബ്ല്യുഎഫ്‌ഐക്കും ബ്രിജ് ഭൂഷണിനുമെതിരെ പ്രതിഷേധവുമായി തിരിച്ചെത്തി, ബിജെപി എംപി കൂടിയായ മേധാവിക്കെതിരെ പരാതി നൽകിയിട്ടും ഡൽഹി പോലീസ് എഫ്‌ഐആർ ഫയൽ ചെയ്‌തില്ലെന്ന് ഇവർ ആരോപിച്ചു. ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസ് പോലീസ് സ്‌റ്റേഷനിലാണ് ഇവർ പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ 7 വനിതാ ഗുസ്‌തി താരങ്ങൾക്ക് പരാതിയുണ്ടെന്ന് സമരക്കാർ പറഞ്ഞു.

3 മാസം മുമ്പ് പ്രതിഷേധിച്ചിട്ടും ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നടപടിയെടുക്കാത്തതിൽ ഗുസ്‌തി താരങ്ങൾ നിരാശ പ്രകടിപ്പിച്ചു. ഡബ്ല്യുഎഫ്‌ഐക്കും അതിന്റെ മേധാവിക്കുമെതിരെ 3 മാസം മുമ്പ് ജന്തർമന്തറിൽ മുൻനിര ഗുസ്‌തി താരങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു, തുടർന്ന് കായിക മന്ത്രാലയം അവരെ ക്ഷണിക്കുകയും അവരുടെ ആശങ്കകൾ കേൾക്കുകയും ചെയ്‌തു.

ഡബ്ല്യുഎഫ്‌ഐ മേധാവിക്കെതിരായ ലൈംഗികാതിക്രമവും ഭീഷണിപ്പെടുത്തൽ ആരോപണങ്ങളും അന്വേഷിക്കാൻ ജനുവരി 23ന് സർക്കാർ ആറംഗ സമിതിക്ക് രൂപം നൽകിയിരുന്നു. സമിതി ഏപ്രിൽ 5ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ അതിന്റെ കണ്ടെത്തലുകൾ പരസ്യമാക്കിയിട്ടില്ല, ഇത് പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു.

“7 വനിതാ ഗുസ്‌തി പരാതിക്കാരുടെ ഐക്യം തകർക്കാൻ ശ്രമിക്കുന്നു. പരാതിക്കാരുടെ ജീവന് ഭീഷണിയുണ്ട്. ഡബ്ല്യുഎഫ്‌ഐ പ്രതിനിധികൾ അവരുടെ വീടുകളിലെത്തി പണം വാഗ്‌ദാനം ചെയ്യുന്നു.”
ഈ പരാതിക്കാർക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി ഡൽഹി പോലീസും സർക്കാരും ആയിരിക്കുമെന്നും പൂനിയ പറഞ്ഞു.

കൂടാതെ, ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നടപടിയെടുക്കുന്നതുവരെ ഗുസ്‌തി താരങ്ങൾ സമരസ്ഥലം വിട്ടുപോകില്ലെന്നും ബജ്‌രംഗ് പറഞ്ഞു. “എല്ലാവർക്കും പ്രതിഷേധ സ്ഥലത്തേക്ക് സ്വാഗതം. ബിജെപിക്ക് പോലും സ്വാഗതം. ഇവിടെ ആരും വോട്ട് തേടുന്നില്ല. തിരഞ്ഞെടുപ്പിന് ഈ പ്രതിഷേധവുമായി യാതൊരു ബന്ധവുമില്ല. ഞങ്ങൾ ഇവിടെ രാഷ്ട്രീയം കളിക്കാനോ എംപിമാരും എം‌എൽ‌എമാരും ആകാനോ അല്ല,” പൂനിയ പറഞ്ഞു.

“എല്ലാ ഗുസ്‌തിക്കാരും ഞങ്ങളോടൊപ്പമുണ്ട്. ഏഷ്യൻ ഗെയിംസിന് തയ്യാറെടുക്കേണ്ടതിനാൽ ഞങ്ങൾ യുവാക്കളെ ഉൾപ്പെടുത്തുന്നില്ല. ബ്രിജ് ഭൂഷന്റെ തെറ്റുകൾക്ക് ശിക്ഷിക്കപ്പെടാതെ ഞങ്ങൾ പ്രതിഷേധ സ്ഥലം വിടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here