ഉയർന്ന താപനില തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം രൂക്ഷമായതിനാൽ ഭൗമ മണിക്കൂർ നിർദേശവുമായി വൈദ്യുതിമന്ത്രി കൃഷ്ണൻ കുട്ടി. ഇന്ന് (ശനിയാഴ്ച 23-03-2024) രാത്രി 8.30 മുതൽ 9.30വരെ ഭൗമ മണിക്കൂറായി ആചരിക്കാം. അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂർ സമയം ഓഫ് ചെയ്ത് നമ്മുടെ ഭൂമിയെ ആഗോളതാപനത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തിൽ പങ്കാളികളാകാമെന്ന് മന്ത്രി നിർദേശിച്ചു.
ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആരംഭിച്ച ഈ സംരംഭത്തിൽ 190ൽപ്പരം ലോകരാഷ്ട്രങ്ങൾ സാധാരണയായി എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂർ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകൾ അണച്ച് പങ്കുചേരുന്നു.
എന്നാൽ, ഇത്തവണ മാർച്ച് 23 ന് ഭൗമ മണിക്കൂർ ആചരിക്കാനാണ് ആഹ്വാനം. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ കാലഘട്ടത്തിൽ ഭൗമ മണിക്കൂർ ആചരണത്തിന് വലിയ പ്രസക്തിയുണ്ടെന്ന് മന്ത്രി കുറിപ്പിലൂടെ അറിയിച്ചു.
ചൂട് രൂക്ഷമായതിനാൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിലാണ്. മഴ വിട്ടുനിൽക്കുന്നതിനാൽ എല്ലാ ജില്ലകളിലും ഉയർന്ന താപനിലയാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഏതാനം ജില്ലകളിൽ നേരിയ മഴ ലഭിച്ചത് ചൂടിൻ്റെ കാഠിന്യം കുറച്ചു.
കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞും രാത്രിയോടെയും നേരിയ മഴ ലഭിച്ചു.ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ വരും മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.