കെട്ടിടത്തിൽ തീ: രക്ഷപ്പെടാൻ മൂന്നാം നിലയിൽ നിന്നും താഴേക്കു ചാടി സഹോദരങ്ങൾ; വിഡിയോ

0
90

പാരിസ്: കെട്ടിടത്തിനു തീ പിടിച്ചതിനെ തുടർന്ന് മൂന്നാം നിലയില്‍നിന്നു 40 അടി താഴേക്ക് ചാടിയ സഹോദരങ്ങൾ സുരക്ഷിതർ. താഴെ നിൽക്കുകയായിരുന്ന രക്ഷാപ്രവർത്തകർ രണ്ടുപേരെയും പിടിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഫ്രാൻസിലെ ഗ്രെനോബിൾ നഗരത്തിലുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങളാണു സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.‌‌ 3 , 10 വയസ്സ് പ്രായമുള്ള കുട്ടികളാണ് ചാടിയത്. കുട്ടികളുടെ രക്ഷിതാക്കൾ ഇവരെ വീടിനകത്താക്കി വാതിൽ അടച്ചുവെന്നാണു വിവരം. കെട്ടിടത്തിൽ തീ പടർന്നതോടെ മറ്റു മാർഗങ്ങളില്ലാത്തതിനാൽ ഇരുവരും ജനൽ വഴി പുറത്തേക്കു ചാടുകയായിരുന്നു. അപ്പാർട്ട്മെന്റിനു സമീപത്തു താമസിക്കുന്ന ഒരാൾ പകർത്തിയ വിഡിയോയാണു പ്രചരിക്കുന്നത്. കെട്ടിടത്തിൽനിന്നു തീയും കറുത്ത പുകയും ഉയരുന്നതും കാണാം.

തീ പടർന്നതോടെ മൂത്തകുട്ടി , ഇളയ കുട്ടിയെ ജനൽ വഴി പുറത്തേക്കിറക്കുകയാണ് ആദ്യം ചെയ്തത്. താഴേക്കെത്തിയ കുട്ടിയെ രക്ഷാപ്രവർത്തകര്‍ പരുക്കുകളേൽക്കാതെ പിടിച്ചെടുക്കുകയായിരുന്നു. പിന്നാലെ പത്തുവയസ്സുകാരനും താഴേക്കു ചാടി. രണ്ടു പേർക്കും യാതൊരു പരുക്കും വീഴ്ചയിൽനിന്ന് ഉണ്ടായിട്ടില്ല. എന്നാൽ, രണ്ടുപേർക്കും പുക ശ്വസിച്ചതിന്റെ പ്രശ്നങ്ങളുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കെട്ടിടത്തിലെ മറ്റു താമസക്കാർക്കൊപ്പം ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളെ പിടിക്കുന്നതിനിടെ രക്ഷാപ്രവർത്തകരിൽ ചിലർക്കു പരുക്കേറ്റു. രക്ഷാപ്രവർത്തകർക്കു നന്ദി അറിയിക്കുന്നതായി ഗ്രെനോബിൾ മേയർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here