തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തെ അനുകൂലിച്ച ശശി തരൂരിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അദാനിയുടെ പേ റോളില്‍ ആകേണ്ട കാര്യം താനടക്കം ഒരു കോണ്‍ഗ്രസ് നേതാവിനുമില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറുന്നതിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നൽകിയത് അഴിമതിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയുന്നത് കയ്യിട്ട് വാരാൻ അവസരം ലഭിക്കാത്തതിലുള്ള നിരാശയിലാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്ത് തെളിവിൻെറ അടിസ്ഥാനത്തിലാണ് കടകംപള്ളി ആരോപണം ഉന്നയിക്കുന്നതെന്നും സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ ചോദിച്ചു. കേരളത്തിലെ രണ്ട് വിമാനത്താവളങ്ങൾ സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചവരാണ് ഇപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൻെറ കാര്യത്തിൽ സ്വകാര്യവത്ക്കരണത്തെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.