ക്യാമ്പസിലെ ഹോസ്റ്റൽ സമയം പുനഃക്രമീകരിച്ച അധികൃതരുടെ നടപടിക്കെതിരെ വിദ്യാര്‍ഥി പ്രതിഷേധം തുടരുന്നതിനിടെ കോഴിക്കോട് എൻഐടിയിൽ ക്ലാസുകള്‍ ഓൺ ലൈനാക്കി ചുരുക്കി. ഇന്നുമുതല്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും എന്ന് എൻഐടി സര്‍ക്കുലറില്‍ അറിയിച്ചു. മാർച്ച് 23 മുതൽ ഏപ്രിൽ 5വരെയാണ് നിലവിൽ ഓൺലൈൻ ക്ലാസുകൾ നടത്തുമെന്ന് അറിയിപ്പ് നൽകിയിട്ടുള്ളത്. ശേഷം റഗുലർ ക്ലാസുകൾ ആരംഭിക്കുമെന്നും ഏപ്രിൽ 17ന് വർഷാവസാന സെമസ്റ്റർ പരീക്ഷ നടക്കുമെന്നും നോട്ടീസിൽ പറയുന്നു.
ബിടെക് ബി ആർക്ക് പോലുള്ള ബിരുദ കോഴ്സുകളിലുള്ള വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തിയിരിക്കുന്നത്. പിജി പിഎച്ച്ഡി വിദ്യാർഥികൾക്ക് നിലവിലുള്ളതുപോലെ തന്നെ ഓഫ്‌ലൈനായി തുടരാമെന്നും അക്കാഡമിക് ഡീന്‍ പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു.

രാത്രി 12 മണിക്കുള്ളിൽ വിദ്യാർഥികൾ ഹോസ്റ്റലുകളിൽ കയറണമെന്നും, ക്യാമ്പസ്സിനകത്ത് രാത്രി സഞ്ചാരം അനുവദിക്കില്ലെന്നും അറിയിച്ചുകൊണ്ടുള്ള ഇ-മെയിൽ കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചത്. രാത്രികളിൽ കാന്റീനുകൾ പ്രവർത്തിക്കില്ലെന്നും നോട്ടീസിൽ പറയുന്നു.
ഇതിന് വിചിത്രമായ കാരണങ്ങളും എൻഐടി അധികൃതർ പറഞ്ഞിരുന്നു. അർധരാത്രി ഭക്ഷണം കഴിക്കുന്നതും ഉറക്കമില്ലാതിരിക്കുന്നതും വിദ്യാർത്ഥികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന ന്യായമാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് മുന്നോട്ടു വച്ചത്.