തനിക്കെതിരെ വന്ന മീ ടൂ ആരോപണം തങ്ങള്‍ തമ്മില്‍ പറഞ്ഞ് തീര്‍ത്ത പ്രശ്‌നമാണെന്ന് അലന്‍സിയര്‍

0
89

തനിക്കെതിരെ വന്ന മീ ടൂ ആരോപണം തങ്ങള്‍ തമ്മില്‍ പറഞ്ഞ് തീര്‍ത്ത പ്രശ്‌നമാണെന്ന് അലന്‍സിയര്‍ പറഞ്ഞു. സീ ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. ”അതൊരു സ്വകാര്യ സംഭാഷണത്തില്‍ സംഭവിച്ച് പോയ അപകടകരമായ കാര്യങ്ങളായിരിക്കാം. അവര്‍ക്ക് സങ്കടം തോന്നിയപ്പോള്‍ അന്നേ മാപ്പ് പറഞ്ഞ് വിഷയം അവസാനിപ്പിച്ചതാണ്”.

താരസംഘടനയായ അമ്മ നിയമനടപടികള്‍ സ്വീകരിക്കാന്‍ അധികാരമുളള കമ്മിറ്റി അല്ലെന്ന് ദിലീപ്- വിജയ് ബാബു വിഷയങ്ങളെ കുറിച്ചുളള ചോദ്യത്തിന് മറുപടിയായി അലന്‍സിയര്‍ പറഞ്ഞു. ”അമ്മ സംഘടനയ്ക്ക് ഭരണഘടനാപരമായ അധികാരങ്ങള്‍ ഇല്ല. ഒരാളെ പുറത്താക്കാം. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ശാസിക്കാം. അതല്ലാതെ എന്ത് നിയമനടപടിയാണ് സ്വീകരിക്കാന്‍ സാധിക്കുക”.

”ശിക്ഷിക്കാന്‍ അധികാരമുളളത് കോടതിക്കാണ്. അവസാനത്തെ തീരുമാനം അന്വേഷണവും തെളിവും അടിസ്ഥാനമാക്കി തീരുമാനിക്കുന്നത് കോടതിയാണ്. അമ്മയോ ഡബ്ല്യൂസിസിയോ അല്ല. ഇവര്‍ക്ക് ആര്‍ക്കും ശിക്ഷ വിധിക്കാനുളള അധികാരമില്ല. അഭിപ്രായം പറയാനുളള സ്വാതന്ത്ര്യം എവിടെയും ഉണ്ട്. അമ്മയിലും ഉണ്ട്. അതൊന്നും ജനാധിപത്യ വിരുദ്ധമായിട്ടല്ല”.

”തന്റെ പേരിലൊരു ആരോപണം വന്നാല്‍ തന്നെ അങ്ങ് ശിക്ഷിച്ച് കളയാം എന്ന് ഒരു സമൂഹമങ്ങ് തീരുമാനിച്ചാല്‍ അങ്ങനെയാണോ. അതാണോ ജനാധിപത്യ രീതി. ഇവിടെ ഭരണഘടനയും നിയമവും ഉണ്ട്. അത് അനുസരിച്ച് നടക്കട്ടെ. കുറ്റവാളി ആണെങ്കില്‍ ശിക്ഷിക്കട്ടെ. നിങ്ങള്‍ക്ക് മാത്രം വിരല്‍ ചൂണ്ടാനല്ല, ഞങ്ങള്‍ക്കും ഉണ്ട് പല കാര്യങ്ങളിലും വിരല്‍ ചൂണ്ടാന്‍”.

”നിങ്ങള്‍ ആരോപണങ്ങള്‍ വിളിച്ച് പറയുമ്പോള്‍, സത്യസന്ധമായി തുറന്ന് പറയൂ ആരൊക്കെ ആണെന്നും എന്തിന് വേണ്ടി ആണെന്നും എന്നായിരുന്നു എന്നൊക്കെ. അത് പറയാനുളള തന്റേടം കാണിക്കണം ചുമ്മാ ഒരുത്തന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടിയിട്ട് കാര്യമില്ല. എത്ര അവസരത്തിന് വേണ്ടിയാണ് നിങ്ങള്‍ കീഴ്‌പ്പെട്ട് കൊടുത്തിട്ടുളളത് നിങ്ങള്‍ വിളിച്ച് പറയൂ, അവിടെയാണ് നിങ്ങളുടെ ആര്‍ജ്ജവം”.

”ആരാണ് നിങ്ങളെ ഉപദ്രവിച്ചത് എന്നും തൊഴിലിടത്ത് പീഡിപ്പിച്ചത് എന്നും തുറന്ന് പറയാന്‍ തയ്യാറവട്ടെ. അല്ലാതെ ഉളളിടത്ത് നിങ്ങളോട് ബഹുമാനമില്ല. താനും വിനായകനും മാത്രമാണോ മലയാള സിനിമയില്‍ പീഡിപ്പിച്ച് നടക്കുന്ന മനുഷ്യര്‍ എന്ന് അലന്‍സിയര്‍ ചോദിച്ചു. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തോടെ കേരളത്തില്‍ മീ ടൂ ആരോപണം അവസാനിച്ചു. ഇപ്പോഴും നടികള്‍ തനിക്ക് ലിപ് ലോക്ക് ഉമ്മ തരാന്‍ തയ്യാറാണ്, അത് താന്‍ കുഴപ്പക്കാരനല്ലെന്ന് തോന്നിയത് കൊണ്ടാണ്”.

”സ്ത്രീകളോട് എന്നും ബഹുമാനവും ആദരവും തന്നെയാണ്. എങ്ങനെയെങ്കിലും അവരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിലും അതിന് മാപ്പ് ചോദിച്ചിട്ടുളള വ്യക്തിയുമാണ്. ദൈവത്തിന് ബുദ്ധിയുണ്ടായിരുന്നെങ്കില്‍ ഹവ്വയെ സൃഷ്ടിക്കില്ലായിരുന്നു. ഹവ്വ വന്നത് മുതല്‍ പുരുഷന് പീഡനമാണ്. താന്‍ പറഞ്ഞാല്‍ സ്ത്രീ വിരുദ്ധതയാണെന്ന് പറയും”.

LEAVE A REPLY

Please enter your comment!
Please enter your name here