ചുറ്റും വെള്ളം; കുടിനീരിനായി വൈപ്പിൻ ജനതക്ക് കണ്ണീരോട്ടം.

0
52

വൈപ്പിൻ: വെള്ളം വെള്ളം സർവത്ര, തുള്ളി കുടിക്കാനില്ലത്ര എന്നു പറഞ്ഞപോല്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണ് വൈപ്പിന്‍.

എന്നാല്‍, അവിടത്തെ ജനങ്ങളുടെ ഏറ്റവും വലിയ ദുരിതവും കുടിവെള്ള ക്ഷാമമാണ്. നിരവധി പ്രദേശങ്ങളുണ്ട്, രൂക്ഷമായ കുടിവെള്ള ക്ഷാമത്താല്‍ വലയുന്നവ. ഞാറക്കല്‍ വലിയവട്ടം സ്വദേശികള്‍ ഇത്തരത്തില്‍ കുടിവെള്ളപ്രശ്നം നേരിടുന്നവരാണ്. താല്‍ക്കാലിക ആശ്വാസത്തിനുപോലും ബദല്‍ ജലസ്രോതസ്സുകളില്ലാത്ത നാലുവശവും ഉപ്പുവെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണ് ഞാറക്കല്‍ വലിയവട്ടം. മുമ്ബ് ദ്വീപായിരുന്ന ഇവിടേക്ക് അടുത്ത കാലത്താണ് റോഡ് നിർമിച്ചത്.

പ്രദേശത്തെ മൂന്ന് വീട് ഒഴിച്ചിട്ടാണ് റോഡ് പണി പൂര്‍ത്തീകരിച്ചത്. പാലംപണിയും പൂര്‍ത്തിയായതോടെ പൈപ്പുകള്‍ പൊട്ടി മൂന്ന് വീടുകളിലേക്കും കുടിവെള്ളം മുടങ്ങി. അന്നുമുതല്‍ പൈപ്പില്‍നിന്നും ടാങ്കറില്‍നിന്നും കുടിവെള്ളം ശേഖരിക്കാൻ വഞ്ചിയില്‍ ഇവരെത്തും. ഈ ദുരിതംമൂലം ഒരു കുടുംബം വീട് ഉപേക്ഷിച്ചുപോയി. വൃദ്ധമാതാപിതാക്കളുള്ള വീട്ടിലെ കൂലിപ്പണിക്കാരായ സഹോദരങ്ങളാണ് ദിവസവും പണി കഴിഞ്ഞ് വെള്ളം പിടിക്കാൻ എത്തുന്നത്. ഇത്തരത്തില്‍ ദുരിതംപേറുന്ന നിരവധി കുടുംബങ്ങള്‍ വൈപ്പിനിലെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട് കഴിയുന്നുണ്ട്. ഇടക്കാലത്ത് പൈപ്പ് വെള്ളം ലഭ്യമായതോടെ അതുവരെയുണ്ടായിരുന്ന പല ബദല്‍ ജലസ്രോതസ്സുകളും നശിപ്പിക്കപ്പെട്ടതാണ് തിരിച്ചടിയായത്.

വൈപ്പിനില്‍ വലിയൊരു ശതമാനം ആളുകള്‍ കുടിവെള്ളത്തിനായി കിണറുകളെയും കുളങ്ങളെയും ആശ്രയിച്ചിരുന്നു. ഏറ്റവും കൂടുതല്‍ പൊതുകുളങ്ങളും കിണറുകളും ഉണ്ടായിരുന്ന എടവനക്കാട് പഞ്ചായത്തില്‍ അടുത്തകാലത്തായി പണ്ടത്തെ അടിസ്ഥാന ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ലക്ഷങ്ങള്‍ മുടക്കി ഒരു പദ്ധതി നടപ്പാക്കിയിരുന്നു. അതില്‍ രണ്ടുമൂന്നു കിണറുകള്‍ പുതുക്കിപ്പണിതു. എന്നാല്‍, അവഗണനയില്‍ അതും ഉപേക്ഷിക്കപ്പെട്ടു. പലവട്ടം സമരം നടത്തിയിട്ടും ഇതുവരെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ തയാറാവാത്തതിന്‍റെ പ്രതിഷേധവും രോഷവും ഇന്നാട്ടുകാർക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here