ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ വിഷയം പഠിച്ച മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചു.
വ്യാഴാഴ്ച രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ സമിതി അംഗങ്ങള്‍ രാഷ്ട്രപതി ദ്രൗപതി മുർമുവിനാണ് റിപ്പോർട്ട് കൈമാറിയത്.
സമിതി അംഗങ്ങളായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി, മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷൻ മുൻ അധ്യക്ഷൻ എൻ.കെ. സിങ്, മുൻ ലോക്‌സഭാ ജനറല്‍ സെക്രട്ടറി സുബാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാല്‍വെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഏഴു മാസത്തെ പഠനത്തിനുശേഷമാണ് സമിതി 18,626 പേജുകളുള്ള റിപ്പോർട്ട് സമർപ്പിച്ചത്. ഇന്ത്യൻ ഭരണഘടനക്കും മറ്റ് നിയമപരമായ ചട്ടക്കൂടുകള്‍ക്കും കീഴിലുള്ള നിലവിലുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, ലോക്‌സഭ, സംസ്ഥാന നിയമസഭകള്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവയിലേക്ക് ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശുപാർശകളാണ് സമിതി പരിശോധിച്ചത്. പ്രധാനമായും രാജ്യത്ത് ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുക എന്നതിന്‍റെ സാധ്യതകളാണ് സമിതി പഠിച്ചത്.