മലപ്പുറത്ത് ഫുട്ബോൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ആക്രമിക്കപ്പെട്ട സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അരീക്കോട് പൊലീസ് കേസെടുത്തത്. ആയുധമുപയോഗിച്ച് മുറിവേൽപ്പിക്കുക, വധശ്രമം, ആക്രമിച്ചു പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
ഞായറാഴ്ചയാണ് ദൈറസ്സൗബ ഹസൻ ജൂനിയർ എന്ന വിദേശതാരത്തെ കാണികൾ സംഘം ചേർന്ന് ആക്രമിച്ചത്. മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളടക്കം കഴിഞ്ഞ ദിവസമാണ് താരം മലപ്പുറം എസ്.പിക്ക് പരാതി നൽകിയത്. വംശീയമായി അധിക്ഷേപിച്ചെന്നും ഹസൻ ജൂനിയറിൻ്റെ പരാതിയിൽ ആരോപിച്ചിരുന്നു.
വംശീയമായി അധിക്ഷേപിച്ച ഒരു കൂട്ടം ആൾക്കാർ തന്നെ കല്ലെറിയുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് ഹസ്സൻ ജൂനിയർ ലോക്കൽ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
സെവൻസ് ഫുട്ബോൾ കളിക്കാൻ ഫുട്ബോൾ ക്ലബ് ആയ ജവഹർ മാവൂർ
ക്ഷണിച്ചു വരുത്തിയ കളിക്കാരനാണ് ഹസൻ ജൂനിയർ. മാർച്ച് 10 ന് താരം അരീക്കോടിന് സമീപം ഒരു ടീമിൽ അഞ്ചുപേർ ചേർന്ന ഫുട്ബോൾ മത്സരം കളിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം.
“എൻ്റെ ജീവൻ രക്ഷിക്കാൻ, ഞാൻ ഓടിപ്പോയി. എതിർ ടീമിലുള്ളവരും അവരുടെ അനുകൂലികളും എനിക്ക് നേരെ കല്ലെറിഞ്ഞു. അവർ എന്നെ ക്രൂരമായി മർദിച്ചു. എൻ്റെ ടീമിൻ്റെ അനുയായികൾ ഇടപെട്ട് അവരെ തടഞ്ഞതിനെ തുടർന്ന് ഞാൻ രക്ഷപ്പെട്ടു,” ഹസൻ ജൂനിയർ പരാതിയിൽ പറഞ്ഞു.
സംഭവം തന്നെ മാനസികമായി വേദനിപ്പിച്ചതായി ഹസൻ ജൂനിയർ പരാതിയിൽ പറഞ്ഞു. “ഞാനും എൻ്റെ വംശവും അപമാനിക്കപ്പെട്ടു. എൻ്റെ തൊലിയുടെ നിറം കാരണമാണ് അവർ എന്നെ ആക്രമിച്ചത്,’’ അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച അരീക്കോട് പോലീസിന് പരാതി കൈമാറുകയും തുടർനടപടികൾക്കായി മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
മലപ്പുറത്തും കേരളത്തിലെ മറ്റ് വടക്കൻ ജില്ലകളിലും നടക്കുന്ന സെവൻസ് ടൂർണമെൻ്റുകളിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളാണ് പ്രധാന ആകർഷണം. സാധാരണഗതിയിൽ നവംബർ മുതൽ മെയ് വരെ മത്സരങ്ങൾ നടത്തപ്പെടുന്നു. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനും താൽക്കാലിക ഗാലറികൾക്കും മുന്നിൽ അരങ്ങേറുന്ന മാച്ചുകൾ ശ്രദ്ധേയമാണ്. 2018-ലെ മലയാളം സിനിമയായ ‘സുഡാനി ഫ്രം നൈജീരിയ’, കേരളത്തിൽ ഫുട്ബോൾ കളിക്കാനെത്തുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഫുട്‌ബോൾ കളിക്കാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ചിത്രമായി മാറി.