രാഷ്ട്രീയപ്രവേശത്തിനു ശേഷം നടൻ വിജയ് പാവപ്പെട്ടവർക്ക് പണിതുകൊടുത്ത വീടുകളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ചയായിരിക്കുകയാണ്. ഒരു കുളിമുറിയുടെ മാത്രം വലിപ്പമുള്ള ആസ്ബസ്റ്റോസ് ഷീറ്റ് പാകിയ വീടുകളുടെ വീഡിയോ സഹിതമാണ് ചർച്ച കൊഴുക്കുന്നത്. മുമ്പ് താമസിച്ചിരുന്ന വീട് ഓലവീടാണെന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ, ഇപ്പോൾ അവയുടെ സ്ഥാനത്ത് നിന്നുതിരിയാൻ സ്ഥലമില്ലാത്ത ഒരു കുടുസ്സുമുറി പണിത് കൊടുത്തിരിക്കുന്നു എന്നാണ് വിമർശനം ഉയരുന്നത്.
പണിത വീടുകൾക്കു മുമ്പിലെല്ലാം തന്റെ ചിത്രം പതിക്കാനും താരം മറന്നിട്ടില്ല. വിജയ്‌യുടെ രാഷ്ട്രീയ ഉപദേശകനായി അറിയപ്പെടുന്ന ബുസി ആനന്ദ് ഈ വീടുകളിലൊന്ന് ഉദ്ഘാടനം ചെയ്യുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. ബുസി ആനന്ദും നാലഞ്ച് പേരും കയറിയതോടെ വീട് നിറയുന്നത് വീഡിയോയിൽ കാണാം.
“നീട്ടി പടുത്താൻ കാൽ ഇടിക്കും, എഴുന്ത് നിൻട്രാൽ തലൈ ഇടിക്കും” എന്നാണ് വിമർശകർ വീടിന്റെ അവസ്ഥയെ വിവരിക്കുന്നത്.അതെസമയം വിജയ് തന്റെ രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ്. കഴിഞ്ഞദിവസം മെമ്പർഷിപ്പ് കാമ്പയിനിന് തുടക്കം കുറിച്ചു.
കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ദശലക്ഷക്കണക്കിനാളുകൾ പാർട്ടിയിൽ ചേർന്നതായി വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം അവകാശപ്പെടുന്നു. വാട്സാപ്പ് മെസ്സേജ് വഴി പാർട്ടിയിൽ അംഗത്വം എടുക്കാനാകും.പിറപ്പുക്കും എല്ലാ ഉയിരുക്കും എന്നതാണ് വിജയ്‌യുടെ പാർട്ടിയുടെ മുദ്രാവാക്യം.
ജാതിമത രാഷ്ട്രീയങ്ങൾക്ക് അതീതമായി നിൽക്കുന്നതായിരിക്കും തന്റെ രാഷ്ട്രീയമെന്ന് വിജയ് പറയുന്നു. ദ്രാവിഡ രാഷ്ട്രീയത്തെ താൻ പിൻപറ്റുമെന്ന് ഇതുവരെ വിജയ് പറഞ്ഞിട്ടില്ല. രാഷ്ട്രീയ നേതാവെന്ന നിലയിൽ ഇതുവരെ വാർത്താ സമ്മേളനം വിളിക്കുകയോ മറ്റോ ചെയ്തിട്ടില്ല വിജയ്.